ഒരു ഇടവേളയ്ക്ക് ശേഷം കമൽ സംവിധാനം ചെയ്ത ‘പ്രണയമീനുകളുടെ കടലി’ലെ പുതിയ ഗാനം പുറത്തിറങ്ങി. ‘നീലിമേ...നീലിമേ...’ എന്ന് തുടങ്ങുന്ന ഗാനമാണ് യുട്യൂബിലെത്തിയത്. പ്രണയാർദ്രമായ വരികൾ രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. ഷാൻ റഹ്മാൻ ഈണം പകർന്ന ഗാനം ശ്വേതാ മോഹനും നജീം അർഷാദും ചേർന്ന്  ആലപിച്ചിരിക്കുന്നു. തന്റെ പുതിയ ഗാനത്തിന്റെ വിശേഷങ്ങൾ ഗായിക ശ്വേത സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്.

പുതുമുഖതാരമായ ഗബ്രി ജോസും തെലുങ്കു താരം ഋദ്ധി കുമാറും ആണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങളാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. അക്രമങ്ങളും ക്രൂരതയും കാണാത്ത ലക്ഷദ്വീപിലേക്ക് പുറത്തു നിന്നും ഒരു സംഘം എത്തുന്നതും പിന്നീട് അവിടെ വരുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കടലിനടിയിലെ ദൃശ്യങ്ങളാണ് ചിത്രത്തിന്റെ മുഖ്യ സവിശേഷത. 

പുതുമുഖങ്ങൾക്ക് പുറമെ വിനായകൻ, ദിലീഷ് പോത്തൻ, ജിതിൻ പുത്തഞ്ചേരി, ആതിര, ശ്രേയ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ജോൺപോളും കമലും ചേർന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. ഡാനി പ്രൊഡക്ഷ്ഷൻസിന്റെ ബാനറിൽ ജോൺ വട്ടക്കുഴിയാണ് സിനിമയുടെ നിർമാണം. വിഷ്ണു പണിക്കറാണ് ഛായാഗ്രാഹകൻ. കവരത്തിയിൽ നിന്നുള്ള രണ്ടാമത്തെ പ്രണയചിത്രമാണ് പ്രണയമീനുകളുടെ കടൽ. 2015–ൽ പൃഥ്വിരാജ് നായകനായെത്തിയ അനാർക്കലിയായിരുന്നു കവരത്തിയിൽ ചിത്രീകരിച്ച ആദ്യ ചിത്രം.