മൊഹബത്തിന്റെ മൊഞ്ചുമായി എടക്കാട് ബെറ്റാലിയനിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. ടൊവിനോയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് 'ഷെഹനായ്....' എന്ന് തുടങ്ങുന്ന ഗാനം അണിയറക്കാർ പുറത്ത് വിട്ടത്. ഗാനത്തിന്റെ ടീസർ നേരത്തേ റിലീസ് ചെയ്തിരുന്നു. തീവണ്ടിക്കും കൽക്കിക്കും ശേഷം ടൊവിനോ തോമസും സംയുക്ത മേനോനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'എടക്കാട് ബറ്റാലിയന്‍ 06'. ഇരുവരുടെയും വിവാഹ രാവിലെ ആഘോഷങ്ങളാണ് ഗാനത്തിന്റെ പശ്ചാത്തലം.

മനു മഞ്ജിത്തിന്റെ വരികൾക്ക് കൈലാസ് മേനോൻ ആണ് ഈണം പകർന്നിരിക്കുന്നത്. സിതാര കൃഷ്ണകുമാറും യാസിൻ നിസാറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇരുവരുടെയും ആലാപനശൈലി ഗാനത്തിന്റെ മാറ്റ് കൂട്ടുന്നു എന്നാണ് ആരാധകപക്ഷം. സിനിമയിൽ നൃത്തരംഗങ്ങളിൽ ഇതു വരെ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ടൊവീനോ ആദ്യമായി ചുവട് വയ്ക്കുന്നത് തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിലെ 'നീ ഹിമ മഴയായ് വരൂ, ഹൃദയം അണിവിരലാല്‍ തൊടൂ....'  എന്ന ആദ്യ ഗാനം യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം നേടിയിരുന്നു.  

പി.ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗതനായ സ്വപ്നേഷ് കെ.നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രഞ്ജി പണിക്കര്‍, പി. ബാലചന്ദ്രന്‍, അലന്‍സിയര്‍, ജോണി ആന്റണി, ഹരീഷ് കണാരന്‍, കൊച്ചുപ്രേമന്‍, സിബി ജോസ്, ഷാനു തോമസുകുട്ടി, ശാന്തി ലാല്‍, മാളവികാ മേനോന്‍, സ്വാസിക, മഞ്ജു സതീഷ്, തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം,ജയന്ത് മാമ്മന്‍ എന്നിവര്‍ ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഒക്ടോബര്‍ 18-ന് ചിത്രം റിലീസ് ചെയ്യും.