പ്രദീപ് കാളിപുരയത്ത് സംവിധാനം ചെയ്യുന്ന ചിത്രമായ സെയ്ഫിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ഈ വെയിൽ...’ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. അരുൺ അലത് രചിച്ച വരികൾക്ക് ഈണം പകർന്നത് രാഹുൽ സുബ്രഹ്മണ്യം ആണ്. വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം ആലാപന മികവു കൊണ്ടും ദൃശ്യമികവുകൊണ്ടും ആരാധകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. അച്ഛനും മക്കളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ദൃശ്യങ്ങളാണ് ഗാനരംഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

അപർണ ഗോപിനാഥ് ആണ് ഗാനരംഗത്തിൽ മുഖ്യമായും പ്രത്യക്ഷപ്പെടുന്നത്. വർഷങ്ങൾക്കു ശേഷം സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്ന അപർണ തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ചും അച്ഛനെയും സഹോദരിയെയും കുറിച്ച് ഓർക്കുന്നതാണ് ഗാനരംഗത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. നഷ്ടപ്പെട്ടുപോയ തന്റെ കൗമാരത്തെക്കുറിച്ചോർത്ത് വേദനിക്കുന്ന നായികയായിട്ടാണ് ഗാനത്തിൽ അപർണ എത്തുന്നത്. തിരികെ വന്നപ്പോഴേക്കും ഓർമ്മകൾ മാത്രമായി മാറിയ തന്റെ കൗമാരകാലത്തെ ഓർത്തെടുക്കുകയാണ് അപർണയുടെ കഥാപാത്രം.

സിജു വിൽസൻ, അനുശ്രീ, അജി ജോൺ തുടങ്ങിയവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ മറ്റൊരു ഗാനം നേരത്തേ റിലീസ് ചെയ്തിരുന്നു. തിരക്കഥ രചയിതാവ് ഷാജി പല്ലാരിമംഗലം ആണ് ചിത്രം നിർമിക്കുന്നത്. ഹരീഷ് പേരടി, പ്രസാദ് കണ്ണൻ,  ശിവജി ഗുരുവായൂർ, ഷാജി പല്ലാരിമംഗലം, സർജു മാത്യു, കൃഷ്ണ, ഊർമിള ഉണ്ണി, അഞ്ജലി നായർ, ലക്ഷ്മിപ്രിയ, ഷെറിൻ ഷാജി, തൻവി കിഷോർ, ദിവ്യ പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഡിസംബർ ഏഴിന് ചിത്രം പ്രദർശനത്തിനെത്തും.