കാളിദാസ് ജയറാം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ഹാപ്പിസർദാർ എന്ന ചിത്രത്തിലെ പുതിയ ഗാനം ഇറങ്ങി. ‘ഞാനാകും പൂവിൽ....’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറക്കാർ പുറത്തിറക്കിയത്. ഏറെ കാത്തിരുന്ന പ്രണയഗാനമാണിതെന്നാണ് പ്രേക്ഷകരുടെ കമന്റുകൾ. ബി.കെ ഹരിനാരായണൻ രചിച്ച വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോപി സുന്ദർ ആണ്. സിത്താര കൃഷ്ണകുമാർ ആണ് ഗാനം ആലപിച്ചികരിക്കുന്നത്. 

ചിത്രത്തിലെ മറ്റ് ഗാനങ്ങൾ നേരത്തേ റിലീസ് ചെയ്തിരുന്നു. പൂമരം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ മെറിൻ മേരി ഫിലിപ്പാണ് ചിത്രത്തിൽ കാളിദാസിന്റെ നായികയായെത്തുന്നത്. ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങളാണ് ഗാനരംഗത്തിൽ മുഖ്യമായും ഉൾപ്പെടുത്തിയിരിക്കുന്നത്. പഞ്ചാബിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഗീതിക-സുദീപ് ദമ്പതികളാണ്. 

അച്ചിച്ച ഫിലിംസിന്റെ ബാനറിൽ ഹസീബ് ഹനീഫ്, ജോഷ്വിൻ ജോയ്, ശ്വേത കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. സിദ്ദിഖ്, ജാവേദ് ജഫ്രി, ബാലു വർഗീസ്, ശ്രീനാഥ് ഭാസി, സിനിൽ സൈനുദ്ദീൻ, ദിനേശ് മോഹൻ, സെബൂട്ടി, ബൈജു സന്തോഷ്, സിബി ജോസ്, മാല പാർവതി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.