എടക്കാട് ബെറ്റാലിയൻ എന്ന ചിത്രത്തിലെ ‘നീ ഹിമമഴയായ് വരൂ....’ എന്ന ആദ്യ ഗാനത്തിലൂടെ ആരാധകരെ സൃഷ്ടിച്ച യുവഗായിക നിത്യ മാമ്മൻ ഇപ്പോഴിതാ ഹൃദയം തൊടുന്ന മറ്റൊരു മെലഡിക്ക് കവർ ഗാനവുമായി എത്തിയിരിക്കുന്നു. 1994–ൽ പുറത്തിറങ്ങിയ ‘മേയ് മാതം’ എന്ന ചിത്രത്തിലെ ‘എന്‍ മേൽ വിഴുന്ത...’ എന്ന ഗാനത്തിനാണ് നിത്യ കവർ ഒരുക്കിയത്. സംഗീതോപകരണങ്ങളുടെ പിന്തുണയില്ലാതെയുള്ള ഗാനാലാപനരീതിയായ അക്കപ്പെല്ല എന്ന എന്ന ശൈലിയാണ് നിത്യ കവർ ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് ഒരു പരീക്ഷണമായിരുന്നുവെന്ന് ഗായിക മനോരമ ഓൺലൈനിനോട് പറഞ്ഞു. 

അക്കപ്പെല്ലയിൽ, സംഗീത–വാദ്യ ഉപകരണങ്ങളുടെ പിന്തുണ ഉണ്ടാകില്ല. പകരം വിവിധ ഈണത്തിലും താളത്തിലും ശബ്ദ പിന്തുണ നൽകാൻ പ്രത്യേക പരിശീലനവും വൈദഗ്ദ്ധ്യവും നേടിയ ഒരു കൂട്ടം ഗായികരുണ്ടാകും. ഈ പാട്ടിൽ നിത്യക്കൊപ്പം അഞ്ചു ഗായകർ പങ്കു ചേർന്നിട്ടുണ്ട്. മഴയോടുള്ള ഇഷ്ടം കൊണ്ടാണ് ഈ ഗാനത്തിന് കവർ ഒരുക്കിയതെന്നു നിത്യ പറഞ്ഞു. നിത്യയുടെ സുഹൃത്ത് സിവിൻ സൈമൺ ആണ് ഗാനത്തിനു വേണ്ടി കീബോർഡ് വായിച്ചത്. തിരുവനന്തപുരം ഉള്ളൂരിലായിരുന്നു ചിത്രീകരണം.

എ. ആർ .റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനം ആലപിച്ചത് പി.ജയചന്ദ്രനും കെ.എസ് ചിത്രയും ചേർന്നാണ്. വൈരമുത്തുവിന്റേതാണ് വരികൾ. പുറത്തിറങ്ങി ഇരുപത്തിയഞ്ച് വർഷം പിന്നിടുമ്പോഴും എക്കാലത്തെയും മികച്ച ഗാനങ്ങളുടെ പട്ടികയിലാണ് ഈ ഗാനം. യഥാർഥ ഗാനത്തിന്റെ തനിമ ഒട്ടും ചോരാതെയാണ് നിത്യ കവർ ഒരുക്കിയിരിക്കുന്നത്. ആലാപനശൈലി കൊണ്ടും ചിത്രീകരണ മികവു കൊണ്ടും ഇത് ആസ്വാദകരെ ആകർഷിക്കുന്നു. ഹിജിൻ ആണ് ഗാനത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. 

യാദൃച്ഛികമായി ചലച്ചിത്രഗാനരംഗത്തേക്കു കടന്നു വന്നതാണ് നിത്യ മാമ്മൻ. നവാഗതനായ സ്വപ്നേഷ് കെ. നായർ സംവിധാനം ചെയ്ത എടക്കാട് ബെറ്റാലിയൻ 06–ലെ ‘നീ ഹിമമഴയായ് വരൂ...ഹൃദയം അണി വിരലാൽ തൊടൂ....’ എന്ന ഗാനം ശ്രോതാക്കളുടെ എണ്ണത്തിൽ റെക്കോർഡ് ഇട്ടിരുന്നു. ഹൃദ്യമായ ആലാപന ശൈലിയാണ് ആരാധകരെ ഏറെ ആകർഷിച്ചത്. നിരവധി പേരാണ് ഗായികയെ അഭിനന്ദിച്ചത്. കെ.എസ്. ഹരിശങ്കറിനൊപ്പമാണ് നിത്യ ഗാനം ആലപിച്ചത്. സംഗീതസംവിധായകൻ കൈലാസ് മേനോൻ ട്രാക്ക് പാടാൻ വേണ്ടിയാണ് നിത്യയെ വിളിച്ചത്. ആലാപനം ഇഷ്ടപ്പെട്ട അദ്ദേഹം ആ ഗാനം ആലപിക്കാൻ നിത്യയെ തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ചലച്ചിത്ര ഗാനം പോലെ നിത്യയുടെ കവർ ഗാനവും ഹിറ്റാണ്.