ഒമര്‍ലുലു രചനയും സംവിധാനവും നിർവഹിക്കുന്ന ‘ധമാക്ക’ എന്ന ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു. 'ഹാപ്പി ഹാപ്പി നമ്മള്‍ ഹാപ്പി...' എന്നു തുടങ്ങുന്ന ഗാനമാണ് അണിയറക്കാർ പുറത്തിറക്കിയത്. നിക്കി ഗല്‍റാണിയും അരുണുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. പ്രിയം, ഒളിമ്പ്യന്‍ അന്തോണി ആദം തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി അരങ്ങേറിയ അഭിനേതാവാണ് അരുണ്‍. നിക്കിയുടേയും അരുണിന്റേയും വിവാഹാഘോഷ രാവാണ് പാട്ടില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 

മുകേഷ്, ഉര്‍വ്വശി, ധര്‍മ്മജന്‍, ഇടവേള ബാബു, ശാലിന്‍ സോയ എന്നിവര്‍ നിക്കിക്കും അരുണിനുമൊപ്പം ഗാനത്തില്‍ ചുവട് വെയ്ക്കുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. അശ്വിന്‍ വിജയന്‍, അഫ്‌സല്‍, സച്ചിന്‍ രാജ്, സിതാര കൃഷ്ണകുമാര്‍, ശ്വേത എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.  ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകർന്നിരിക്കുന്നു.

ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ്, ഒരു അഡാര്‍ ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ധമാക്ക. മുകേഷ്, ഉര്‍വശി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഇന്നസെന്റ്, ശാലിന്‍ സോയ, നേഹ സക്‌സേന, ഹരീഷ് കണാരന്‍, ഇടവേള ബാബു. തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുഡ്‌ലൈന്‍ പ്രൊഡക്‌ഷൻസിന്റെ ബാനറില്‍ എം.കെ.നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്.