ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്തുള്ള വണ്ണപ്പുറത്തു നിന്നും ഇടുക്കി റൂട്ടിലൂടെ അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ മുണ്ടൻമുടിയില്‍ മാതാവിന്റെ നാമഥേയത്തില്‍ മനോഹരമായ‍ ഒരു പള്ളി കാണാം. ആ പള്ളിയും പള്ളിയുടെ മനോഹാരിതയും ഉൾപ്പെടുത്തി പുറത്തിറക്കിയ ഗാനം ഏറെ ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. കുടിയേറ്റ ഗ്രാമമായ മുണ്ടൻമുടിയുടെ പഴയകാല അനുഭവങ്ങളും പരിശുദ്ധ അമ്മയുമായി ഇവിടുത്തെ ആളുകൾക്കുള്ള ബന്ധവും വരച്ചിടുന്ന വരികളാണ് ഗാനത്തിന്റേത്. 

‘മുണ്ടൻമുടി അമ്മേ കാത്തരുളണമെന്നെ’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് ആ ഇടവകക്കാരനും ഇപ്പോൾ കുവൈറ്റ് പ്രവാസിയുമായ ജോബി മൂഞ്ഞനാട്ട് ആണ്. ജോബി തന്നെയാണ് ഗാനത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ദൃശ്യമികവുകൊണ്ടും ആലാപനം കൊണ്ടും ഗാനം ഏറെ മികച്ചതാണെന്ന് ശ്രോതാക്കൾ അഭിപ്രായപ്പെട്ടു. മലമുകളിലെ ദേവാലയത്തിന്റെ ഭംഗിയെ വർണിച്ചും നിരവധിയാളുകൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. മാർട്ടിൻ മിസ്റ്റ് ആണ് ഗാനം ചിത്രീകരിച്ചത്.

വിശ്വാസസമൂഹത്തിന്റെ ദൃശ്യങ്ങളും പള്ളിയുടെ ആകാശ ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയാണ് ഗാനം ചിത്രീകരിച്ചത്. പ്രകൃതി മനോഹര ദൃശ്യങ്ങൾ കണ്ടതിനു ശേഷം ദിനംപ്രതി നിരവധി ആളുകള്‍ പള്ളി സന്ദർശിക്കാനെത്തുന്നുണ്ട്. രാഷ്ട്രപതി ഭവനിലെ മുൻ സംഗീതജ്ഞനായ സ്കറിയ ജേക്കബ് ഗാനം ആലപിച്ചിരിക്കുന്നു. ജോബിയും സ്കറിയയും ചേർന്നാണ് സംഗീതസംവിധാനം നിർവഹിച്ചത്. ഇരുവരും ഒരുമിച്ച്, 'ഇടുക്കിതൻ ചേല്', 'അപ്പമായ് 'എന്നീ ഗാനങ്ങൾ നേരത്തെ പുറത്തിറക്കിയിരുന്നു.