ലോകമെമ്പാടും ആരാധകരുളള സംഗീത സംവിധായകനാണ് എ.ആർ. റഹ്മാൻ. ഏത് പാട്ടും തൊട്ടാൽ ഹിറ്റാക്കുന്ന കലാകാരൻ. സമൂഹമാധ്യമത്തിൽ താരം പങ്കുവച്ച വിഡിയോ ആണ് ഇപ്പോൾ ചർച്ച. തന്റെ മകൻ എ.ആർ. അമീനൊപ്പം കീബോർഡ് വായിക്കുന്ന വിഡിയോ ആണ് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. ‘ജാമിങ് വിത്ത് എ.ആർ. അമീൻ’ എന്ന ഹാഷ് ടാഗോടെയാണ് വിഡിയോ പങ്കു വച്ചിരിക്കുന്നത്.

വിഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ആരാധകർ അത് ഏറ്റെടുത്തു. റഹ്മാന്റെ മകനെ പ്രശംസിച്ചും ആശംസകൾ നേർന്നും നിരവധി പേർ കമന്റുകൾ രേഖപ്പെടുത്തി. ‘ഭാവി റഹ്മാന്‍’ എന്നാണ് പലരും അമീനെ അഭിസംബോധന ചെയ്തത്. അച്ഛനും മകനും ചേർന്ന് ആരാധകർക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിച്ചിരിക്കുകയാണെന്ന് പറഞ്ഞ് ആരാധകർ സന്തോഷം പ്രകടിപ്പിച്ചു. കീബോർഡിൽ അമീന്റെ വിരലുകൾ പതിയുന്നത് ക്ലോസ് അപ്പ് ഷോട്ടിൽ കാണിക്കുന്നുണ്ട്. 

അച്ഛനെ പോലെ താനും സംഗീത വഴിയിലാണെന്ന് അമീൻ നേരത്തെ തെളിയിച്ചതാണ്. എ. ആർ. റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച  ‘ഒകെ ജാനു’ എന്ന ചിത്രത്തിലെ ‘മൗല വാ സലിം....’ എന്ന് തുടങ്ങുന്ന ഗാനം പാടിയത് അമീൻ ആയിരുന്നു. പ്രശസ്തരായ സംഗീത സംവിധായകരും ഗായകരും അന്ന്  അമീന്റെ ഗാനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. പിന്നീട് തമിഴ് പോപ്പ് സംഗീതം അവതരിപ്പിച്ചും അമീൻ ശ്രദ്ധ നേടി. അമീന്റെ ആദ്യ സിംഗിൾ ഗാനമായിരുന്നു അത്. എ.ആർ. റഹ്മാനായിരുന്നു ഗാനത്തിന് സംഗീതം പകർന്നത്.