സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വികൃതി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘മതിയോളം കാണാനായില്ല....’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. സിനിമയുടെ ചിത്രീകരണ രംഗങ്ങളാണ് പ്രധാനമായും ഗാനത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഷാഹുൽ രചിച്ച വരികൾക്ക് ഈണം പകർന്ന് ആലപിച്ചിരിക്കുന്നത് ബിജിബാൽ ആണ്.

ചിത്രത്തിലെ മറ്റ് ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു. സന്തോഷ് വർയാണ് ഗാനങ്ങൾക്ക് വരികളൊരുക്കിയിരിക്കുന്നത്. ഹരിശങ്കർ കെ.എസ്, റംഷി അഹമ്മദ്, ചാക്കോ എന്നിവരാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘വികൃതി’. 

നവാഗതനായ എം.സി. ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജീഷ് പി. തോമസിന്റേതാണ് തിരക്കഥ. കട്ട് ടു ക്രിയേറ്റ് പിക്ചേഴ്സിന്റെ ബാനറിൽ എ.ഡി. ശ്രീകുമാർ, ഗണേഷ് മേനോൻ, ലക്ഷ്മി വാര്യർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. സുരഭി ലക്ഷ്മി, ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, വിന്‍സി അലോഷ്യസ്, മറീന, ഗ്രേസി, റിയ, മമിത ബൈജു തുടങ്ങിയര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.