ഇന്ത്യൻ സംഗീതലോകത്തെ അതികായരാണ് കെ.‍ജെ യേശുദാസും എസ്. പി ബാലസുബ്രഹ്മണ്യവും. ഇരുവരും ഒരു വേദിയിൽ ഒരുമിച്ചെത്തുന്നതു തന്നെ അപൂർവമാണ്. അതിലും അപൂർവമായി മാത്രം സംഭവിക്കുന്നതാണ്, രണ്ടുപേരും ഒന്നിച്ച് ഗായകരായ മക്കൾക്കൊപ്പം വേദി പങ്കിടുന്നത്. അങ്ങനെയൊരു ഈ അപൂർവസംഗമം സിംഗപ്പൂരിൽ വച്ചു നടന്ന വോയ്സ് ഓഫ് ലെജൻഡ്സ് എന്ന പരിപാടിയിൽ സംഭവിച്ചു. യേശുദാസും എസ്.പി ബാലസുബ്രഹ്മണ്യവും മക്കളായ വിജയ് യേശുദാസിനും എസ്.പി.ബി ചരണിനും ഒപ്പം വേദി പങ്കിട്ടു. പ്രതിഭകൾ ഒത്തുചേർന്ന ആ വേദി സംഗീതപ്രേമികൾക്ക് സമ്മാനിച്ചത് ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു. 

മണിരത്നം സംവിധാനം ചെയ്ത ദളപതി എന്ന സിനിമയിലെ 'കാട്ടുക്കുയിലെ' എന്നു തുടങ്ങുന്ന ഇളയരാജയുടെ എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനമാണ് യേശുദാസും എസ്.പി.ബിയും മക്കളും വേദിയിൽ അനശ്വരമാക്കിയത്. അൽപം നാടകീയമായിട്ടായിരുന്നു പാട്ടിന്റെ അവതരണം. ആദ്യം വേദിയിലെത്തിയത് വിജയ് യേശുദാസും എസ്.പി.ബി ചരണും. പല്ലവി പാടിക്കഴിഞ്ഞപ്പോൾ വേദിയിലേക്ക് യേശുദാസും എസ്.പി.ബിയും എത്തി. വിജയ്്യുടെയും ചരണിന്റെയും പാട്ട് വിലയിരുത്താനെത്തിയവരെപ്പോലെ ഗൗരവഭാവത്തിൽ കൈ രണ്ടും പിന്നിൽ കെട്ടി സ്റ്റൈലിഷ് ആയിട്ടായിരുന്നു അച്ഛൻമാരുടെ വരവ്. വെള്ള നിറത്തിലുള്ള പാന്റ്സും സ്യൂട്ടും ധരിച്ച് നീണ്ട വെളുത്ത മുടി പിന്നിൽക്കെട്ടി മാസ് ലുക്കിൽ യേശുദാസും കറുത്ത വേഷത്തിൽ എസ്.പി.ബിയും! ഇരുവരും വേദിയിലെത്തിയതോടെ അവേശക്കടലായി സംഗീത സദസ്. 

യേശുദാസും എസ്.പി.ബിയും വേദിയിലെത്തിയതോടെ മക്കൾ രണ്ടുപേരും വശങ്ങളിലേക്കു മാറി. കാലം കൈവയ്ക്കാത്ത പ്രതിഭകളുടെ ഗംഭീരപ്രകടനമായിരുന്നു വേദിയിൽ പിന്നീട് അരങ്ങേറിയത്. യോശുദാസും എസ്.പി.ബിയും പാടിക്കയറിയപ്പോൾ സദസിൽ കരഘോഷമുയർന്നു. പാട്ടിന്റെ ചരണം എത്തിയപ്പോഴേയ്ക്കും വേദിയിൽ വീണ്ടുമൊരു അതിഥി എത്തി. തെന്നിന്ത്യയുടെ വാനമ്പാടി കെ.എസ് ചിത്ര! അഞ്ചുപേരും ഒന്നിച്ചു പാടിയപ്പോൾ സംഗീതപ്രേമികൾക്ക് അതൊരു അവിസ്മരണീയ അനുഭവമായി. ഓർക്കസ്ട്രയുടെ ശബ്ദത്തെക്കാളും ഉച്ചത്തിലായിരുന്നു സംഗീതപ്രമികളുടെ കയ്യടി. പരിപാടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായിക്കഴിഞ്ഞു.