ഇന്ത്യൻ ചലച്ചിത്ര പിന്നണിഗാനരംഗത്തെ രണ്ടു ഇതിഹാസങ്ങളാണ് കെ.ജെ യേശുദാസും എസ്.പി ബാലസുബ്രഹ്മണ്യവും. ഒരേ കാലഘട്ടത്തിൽ സിനിമയിലെത്തിയ ഇരുവരും തമ്മിൽ ഊഷ്മളമായ സൗഹൃദമുണ്ട്. സിംഗപ്പൂരിൽ വച്ചു നടന്ന വോയ്സ് ഓഫ് ലെജൻഡ്സ് വേദിയിൽ ഇരുവരും ഒരുമിച്ചെത്തിയപ്പോൾ ആ സൗഹൃദത്തിന്റെ നേർക്കാഴ്ച സംഗീതപ്രേമികൾക്കു മുൻപിൽ അനാവൃതമായി. എസ്.പി.ബി ഈണമിട്ട ഗാനം വേദിയിൽ യേശുദാസ് ആലപിച്ചപ്പോൾ, അദ്ദേഹത്തിന്റെ കാൽ തൊട്ടു വണങ്ങി തന്റെ ആദരം എസ്.പി.ബിയും പ്രകടിപ്പിച്ചു. 

എസ്.പി ബാലസുബ്രഹ്മണ്യം നായകനായി അഭിനയിച്ച തമിഴ് ചിത്രം സിഗരം എന്ന തമിഴ്ചിത്രത്തിലെ ഗാനമാണ് വേദിയിൽ യേശുദാസ് ആലപിച്ചത്. ആ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണമിട്ടതും എസ്.പി.ബി ആയിരുന്നു. എസ്.പി.ബിയുടെ സാന്നിധ്യത്തിലായിരുന്നു  'അഗരം ഇപ്പൊ സിഗരം ആച്ച്' എന്ന ഗാനം യേശുദാസ് വേദിയിൽ ആലപിച്ചത്. ഗാനത്തിനൊടുവിൽ യേശുദാസിനൊപ്പം ആലാപനത്തിൽ പങ്കുചേർന്ന എസ്.പി.ബി അദ്ദേഹത്തിന്റെ കാൽ തൊട്ടു വന്ദിച്ചു. നിറഞ്ഞ കയ്യടികളോടെ സദസ് ആ ധന്യമുഹൂർത്തത്തിന് സാക്ഷികളായി. 

പ്രിയസുഹൃത്തിന്റെ സ്നേഹവും ആദരവും ഹൃദയപൂർവം ഏറ്റുവാങ്ങിയ യേശുദാസ്, എസ്.പി.ബിയുടെ സംഗീതസംവിധാനത്തിൽ പാട്ടു പാടിയ അനുഭവം സദസുമായി പങ്കുവച്ചു. "നല്ല മെലഡി ചേർത്താണ് ഇദ്ദേഹം ഈണമിട്ടിരിക്കുന്നത്. കേട്ടിരിക്കാൻ നല്ല സുഖമാണ്. പക്ഷെ, ഈ പാട്ടിന്റെ പല്ലവി പാടിയതിനു ശേഷം ചരണം എടുക്കാൻ ഞാൻ പെട്ട പാട് എനിക്കേ അറിയൂ," ചെറിയൊരു പുഞ്ചിരിയോടെ യേശുദാസ് പറഞ്ഞു. 

പറയുക മാത്രമല്ല, ബുദ്ധിമുട്ടേറിയ ആ ഭാഗം കാണികൾക്കു മുന്നിൽ ഒരിക്കൽക്കൂടി അദ്ദേഹം പാടികേൾപ്പിച്ചു. "ഒരു കാലത്തും ശ്രോതാക്കൾക്ക് ഈ പാട്ട് മറക്കാൻ കഴിയില്ല. എനിക്കും അങ്ങനെ തന്നെയാണ്. ഒരിക്കലും ഈ പാട്ട് മറക്കാനാവില്ല," യേശുദാസ് എസ്.പി.ബിയെ ചേർത്തു നിറുത്തി പറഞ്ഞു. "ഇനിയും ഇതുപോലെ നല്ല പാട്ടുകൾക്ക് ഈണമിടുമ്പോൾ ഈ അണ്ണനെ ഓർക്കണം," കുസൃതിച്ചിരിയോടെ യേശുദാസ് പറഞ്ഞു.