ലോകത്തിന്റെ ഏത് കോണിലായാലും മലയാളികൾ ഓണം ആഘോഷിക്കുന്നതിൽ ഒരു കുറവും വരുത്താറില്ല. കേരളീയ വേഷം ധരിച്ചെത്തി പൂക്കളവും സദ്യയും ഓണക്കളികളും കൊണ്ട് കേമമായി ഓണം ആഘോഷിക്കുന്ന മലയാളികൾ, കേരളത്തിൽ മാത്രമല്ല വിദേശരാജ്യങ്ങളിലുമുണ്ട്. അത്തരത്തിൽ ഓസ്ട്രേലിയയിലെ ഡബ്ബോയിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഓണപ്പാട്ടെഴുത്ത് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗാനവുമായെത്തിയിരിക്കുകയാണ് ഒരുകൂട്ടം കലാകാരൻമാർ. ‘ഓണം വന്നേ പൊന്നോണം വന്നേ’ എന്ന് തുടങ്ങുന്ന ഗാനം ഡബ്ബോയിലെ കലാകാരന്മാർ തന്നെ ഈണമിട്ട് പാടി അവതരിപ്പിച്ച്, ‘ഒരുമയോടൊരു ഓണം’ എന്ന പേരിൽ പുറത്തിറക്കിയിരിക്കുകയാണിപ്പോൾ.

‘ഓണം വന്നേ പൊന്നോണം വന്നേ

കൂട്ടരുമൊത്തൊന്നാടി പാടാൻ

ഒത്തൊരുമിച്ചൊരു പൂക്കളമെഴുതാൻ

ഈണത്തിൽ ചാഞ്ചാടാൻ

താളത്തിൽ കൈകൊട്ടാൻ’

വരികളിലേതു പോലെ തന്നെ കൂട്ടുകാരുമൊത്ത് ആടി പാടി ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഗാനത്തിലുള്ളത്. കേരളീയ വേഷമായ കസവുമുണ്ടും പട്ടുപാവാടയും ധരിച്ചെത്തുന്ന കുട്ടികളിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. നമ്മുടെ നാടിന്റെ സംസ്കാരവും പാരമ്പര്യവുമായി ബന്ധപ്പെട്ട തിരുവാതിരക്കളിയും ഗാനരംഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചിത്രീകരണമികവുകൊണ്ടും ആലാപനശൈലികൊണ്ടും ഈ ഓണപ്പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുയാണ്. 

ജോജിത മേരി അനിലിന്റെ വരികൾക്ക് ജാക്സൺ ഫേബർ ഈണം പകർന്നു. എഡ്വിൻ ജേക്കബ്, ഷെറിൻ മാത്യു, ദീപക് ജോർജ്, കുര്യൻ ജോർജ്, ജാക്സൺ ജേക്കബ്, നിമിഷ എൽസ, ആരതി ആദർശ്, ജോജിത മേരി അനിൽ, മെറിൻ ടിവൽസൺ, ലിറ്റി സുദീപ്, നവ്യ അനൂപ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത് ജെഫ് മാത്യു ചിത്രീകരിച്ച ഗാനത്തിന് എഡിറ്റിങ് നിർവഹിച്ചത് ഗാനം ചിട്ടപ്പെടുത്തിയ ജാക്സൺ തന്നെയാണ്. റോബിൻ വിൻസന്റ് സംവിധാനം നിർവഹിച്ച ഗാനം, ഓസ്ട്രേലിയയിലെ ‘ഒരുമ’ എന്ന മലയാളി അസോസിയേഷനാണ് നിർമിച്ചിരിക്കുന്നത്.