മലയാള സംഗീതമേഖലയിൽ പകരം വയ്ക്കാനില്ലാത്ത പ്രതിഭയാണ് രവീന്ദ്രൻ മാസ്റ്റർ. ഈണങ്ങൾ ബാക്കിയാക്കി 2005–ൽ വിടപറഞ്ഞ ആ സംഗീതസംവിധായകന്‍ എന്നും ഓർമയിലുണരുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ എന്നും മലയാള ചലച്ചിത്രസംഗീത മേഖലയ്ക്ക് മുതൽക്കൂട്ടാണ്. കാരണം സംഗീത പ്രേമികളെ ആസ്വാദനത്തിന്റെ വിവിധ തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയതാണ് രവീന്ദ്രൻ മാഷിന്റെ ഓരോ ഗാനവും. എല്ലാ കാലത്തും എല്ലാ ഗായകരും സ്മരിക്കുന്ന ആ സംഗീതജ്ഞനെക്കുറിച്ചുള്ള ഓർമകൾ പങ്കു വയ്ക്കുകയാണ് കേരളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര. മഴവിൽ മനോരമയുടെ ‘പാടാം നമുക്ക് പാടാം’ വേദിൽ വച്ചാണ് ചിത്ര പഴയകാലത്തെക്കുറിച്ച് ഓർത്തെടുത്തത്.

ചിത്രയുടെ വാക്കുകൾ ഇങ്ങനെ: ‘ഞാൻ ആദ്യമായി രവീന്ദ്രൻ മാഷിനെ പരിചയപ്പെടുന്നത്. തിരവനന്തപുരം തരംഗിണി സ്റ്റുഡിയോയിൽ വച്ചാണ്. അവിടെ അദ്ദേഹത്തിന്റെ ഒരു ചിത്രത്തിന്റെ പ്രവർത്തനം നടക്കുകയായിരുന്നു. അപ്പോൾ എന്നെ പാടാൻ വിളിച്ചു. ദാസേട്ടന്റെ കൂടെ പാടിയിട്ടുള്ള കുട്ടിയാണെന്ന പരിഗണനയിലാണ് അദ്ദേഹം അന്നെനിക്ക് അവസരം നൽകിയത്. ദാസേട്ടൻ കൂടെ പാടിപ്പിച്ചതു കൊണ്ട് മോശമാവില്ല എന്നൊരു കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്. ‘വെൺകൊറ്റക്കുടക്കീഴിൽ...’ എന്ന് തുടങ്ങുന്ന ഗാനമാണ് അദ്ദേഹം ആദ്യമായിട്ട് എന്നെക്കൊണ്ട് പാടിപ്പിച്ച് റെക്കോർഡ് ചെയ്തത്. അതിന് ശേഷം അദ്ദഹം എന്നോടു പറഞ്ഞു ചെന്നൈയിൽ ഒരു റെക്കോർഡിങ്ങിന് വരണം എന്ന്. അദ്ദേഹം തന്നെ എന്റെ അച്ഛനെ വിളിച്ച് ഇക്കാര്യം സംസാരിച്ചു. അങ്ങനെ മാഷിന്റെ ചിത്രത്തിന് വേണ്ടിയാണ് ഞാൻ ആദ്യമായി ചെന്നൈയിലേക്കു പോയത്. 

‘കണ്ണോടു കണ്ണായ സ്വപ്നങ്ങളെ....’ എന്നു തുടങ്ങുന്ന ഗാനമാണ് ഞാൻ പാടിയത്. അത് ദാസേട്ടനൊപ്പമായിരുന്നു. പിന്നീട് അദ്ദേഹത്തിനു വേണ്ടി ഞാൻ ഒരുപാട് ഗാനങ്ങള്‍ പാടി. മാഷ് ഒരിക്കൽ പോലും എന്റെ പേര് വിളിച്ചിരുന്നില്ല. പകരം എപ്പോഴും മോളെ എന്നാണ് വിളിച്ചത്. അത്രയക്ക് സ്നേഹമായിരുന്നു അദ്ദേഹത്തിന്. ചില സമയത്ത് അദ്ദേഹം നമ്മിൽ ഒരു പ്രത്യേക വിശ്വാസം വയ്ക്കാറുണ്ട്. ചില പാട്ടുകളൊക്കെ നമ്മുടെ രീതിക്ക് പാടാൻ പ്രത്യേക സ്വാതന്ത്ര്യം തരാറുണ്ടായിരുന്നു. അവസാന സമയങ്ങളിലെ പാട്ടുകൾ റെക്കോർഡ് ചെയ്യുന്ന സമയത്ത് മാഷ് ചെന്നൈയിലേക്ക് വരാറില്ലായിരുന്നു. ട്രാക്ക് അയച്ചു തന്നിട്ട് എന്റെ ശൈലിക്കനുസരിച്ച് പാടിക്കോളൂ എന്നു പറഞ്ഞു. അദ്ദേഹത്തെപ്പറ്റി എനിക്കൊരുപാട് ഓർമകളുണ്ട്. അത് ഒറ്റവാക്കിൽ പറഞ്ഞാൽ തീരില്ല.’

മത്സരത്തിലെ വിധികർത്താക്കളായ സംഗീതസംവിധായകൻ ശരത്തും ഗായകൻ ജി. വേണുഗോപാലും രവീന്ദ്രൻ മാഷിനെപ്പറ്റിയുള്ള ഓർമകൾ പങ്കു വച്ചു.