മനോജ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വാർത്തകൾ ഇതുവരെ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘സ്വപ്നം തേടാം....’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. സിജു വിൽസൺ, അഭിരാമി എന്നിവർ തമ്മിലുള്ള പ്രണയാർദ്രനിമിഷങ്ങളാണ് ഗാനരംഗത്തിലുള്ളത്. 

കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ഗാനങ്ങൾക്ക് വരികളൊരുക്കിയത്. മെജോ ജോസഫ് ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ജി.വേണുഗോപാലും അഞ്ജു ജോസഫും ചേർന്നാണ്. തന്റെ പുതിയ ഗാനത്തെക്കുറിച്ച് വേണുഗോപാൽ തന്നെ ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു. ആലാപനത്തിലും ചിത്രീകരണത്തിലും മുന്നിട്ട് നിൽക്കുകയാണ് ഗാനം. സിജു വിൽസൺ പ്രണയരംഗങ്ങളിൽ അഭിനയിച്ച് മികവു പുലർത്തി എന്നാണ് പ്രേക്ഷകപക്ഷം.

ചിത്രത്തിലെ മറ്റൊരു ഗാനം നേരത്തേ റിലീസ് ചെയ്തിരുന്നു. ‘കുന്നേറി പറന്നു...’ എന്ന് തുടങ്ങുന്ന ഗാനം ഏറെ ആരാധക ശ്രദ്ധ നേടിയിരുന്നു. വയലാർ ശരത്ചന്ദ്രവർമ്മ രചിച്ച ഗാനം ആലപിച്ചത് മധു ബാലകൃഷ്ണൻ ആണ്. വിനയ്ഫോർട്ട്, സൈജു കുറുപ്പ്, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ബിജു തോമസ്, ജിബി പാറയ്ക്കൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.