‘ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാഗാനം ഞാൻ

ഏകഭാവം ഏതോ താളം മൂകരാഗഗാനാലാപം

ഈ ധ്വനിമണിയിൽ ഈ സ്വരജതിയിൽ

ഈ വരിശകളിൽ......’

മലയാളിയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ വരികളാണ് ഇവ. ജോൺ പോളിന്റെ തിരക്കഥയിൽ അശോക് കുമാർ സംവിധാനം ചെയ്ത് 1981–ൽ പുറത്തിറങ്ങിയ ‘തേനും വയമ്പും’ എന്ന ചിത്രത്തിലെ ഗാനമാണിത്. ബിച്ചു തിരുമലയുടെ വരികൾക്ക് രവീന്ദ്രൻ മാസ്റ്റർ ഈണം പകർന്നു. കെ.ജെ യേശുദാസ് ആലപിച്ച ഗാനം ഇന്നും ഹിറ്റുകളുടെ പട്ടികയിൽ ആണ്. നാം പലപ്പോഴായി കണ്ടും കേട്ടും ആസ്വദിക്കുന്ന ഈ ഗാനം പിറന്നതിനു പിന്നിൽ ഒരു കഥയുണ്ട്. അത് വളരെ രസകരമായി പങ്കു വച്ചിരിക്കുകയാണ് ബിച്ചു തിരുമല. മനോരമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പാട്ടിനു പിന്നിലെ കഥയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്. 

ബിച്ചു തിരുമലയുടെ വാക്കുകൾ ഇങ്ങനെ:

‘അന്ന് പാട്ടെഴുതുന്ന സമയത്ത് വൈദ്യുതിയൊന്നുമില്ല. മെഴുകുതിരി കത്തിച്ചു വച്ചാണ് എഴുതാറുള്ളത്. ബാറ്ററി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഒരു ചെറിയ ടേപ്പ് റെക്കോർഡർ ഉണ്ടായിരുന്നു. അതിൽ ഈണങ്ങളൊക്കെ കേട്ടാണ് വരികൾ എഴുതിയത്. പക്ഷേ അവിടെ ശാന്തമായി ഇരുന്ന് എഴുതാൻ കൊതുകുകള്‍ സമ്മതിച്ചിരുന്നില്ല. അവ ഇങ്ങനെ മൂളിപ്പാട്ടുമായി എന്റെ ചുറ്റിലും വട്ടമിട്ടു പറക്കാൻ തുടങ്ങി. അപ്പോൾ ഞാൻ വിചാരിച്ചു, എങ്കില്‍ കൊതുകിനും കൂടി പാട്ടിൽ ഒരു സ്ഥാനം കൊടുക്കാമെന്ന്. കാരണം അവ ഒരൊറ്റ നാദത്തിലാണല്ലോ മൂളുന്നത്. മാത്രമല്ല, ആ സമയത്ത് പി. ഭാസ്കരന്റെ ‘ഒറ്റക്കമ്പിയുള്ള തംബുരു’ എന്ന പുസ്തകം ഞാൻ വാങ്ങി ഏതാനും ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളു. അതു വായിച്ചു കൊണ്ടിരിക്കുന്നതിനാൽ എന്റെ അടുത്തുണ്ടായിരുന്നു. ദൈവാധീനം കൊണ്ട് അത് പെട്ടെന്ന് എന്റെ ശ്രദ്ധയിൽപെട്ടു. അങ്ങനെ കൊതുകിന്റെ ഒറ്റ നാദത്തിലുള്ള മൂളലും ആ പുസ്തകവും കൂട്ടിച്ചേർത്ത് ഞാൻ ‘ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ.......’ എന്ന ഗാനം എഴുതി.’

ഓർമകളിൽ ഓമനിക്കാനും മനസ്സിൽ താലോലിക്കാനും സംഗീത പ്രേമികൾക്ക് എണ്ണമറ്റ ഗാനങ്ങൾ സമ്മാനിച്ച ഗാനരചയിതാവാണ് ബിച്ചു തിരുമല. പാട്ടെഴുത്തിന്റെ അമ്പതാം വർഷത്തിലെത്തി നിൽക്കുന്ന ഈ കലാകാരൻ, ചലച്ചിത്ര സംഗീത മേഖലയ്ക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത ഗാനങ്ങൾ സമ്മാനിക്കാൻ തുടങ്ങിയിട്ട് അര നൂറ്റാണ്ടായി എന്നത് അതിശയകരമായ കാര്യമാണ്. കാരണം ആ തൂലികയിൽനിന്ന് അടർന്ന വാക്കുകൾ ഇന്നും സംഗീതാസ്വാദകരുടെ ഹൃദയത്തിൽ പതിഞ്ഞിരിപ്പുണ്ട്. രാകേന്ദുകിരണങ്ങൾ, ശ്രുതിയിൽ നിന്നുയരും, തേനും വയമ്പും, ആലിപ്പഴം, പൂങ്കാറ്റിനോടും, ഓലത്തുമ്പത്തിരുന്നൂയലാടും, ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ, പാൽ നിലാവിനും തുടങ്ങിയവ അവയിൽ ചിലതു മാത്രം. മലയാളത്തിലെ നിത്യഹരിത ഗാനങ്ങളുെട പട്ടികയിൽ ആദ്യം തന്നെയുണ്ടാകും ബിച്ചുവിന്റെ ഗാനങ്ങൾ.

1941 ഫെബ്രുവരി 13–ന് സി.ജെ. ഭാസ്കരൻ നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും മകനായിട്ടാണ് ബിച്ചു തിരുമല ജനിച്ചത്. കുട്ടിക്കാലത്ത് ചെറുഗാനങ്ങൾ എഴുതുമായിരുന്നെങ്കിലും ചലച്ചിത്ര സംഗീതത്തിലേക്ക് കടന്നു വന്നത് വളരെ യാദൃച്ഛികമായിട്ടാണെന്ന് അദ്ദേഹം പറയുന്നു. ആ അപ്രതീക്ഷിത കടന്നുവരവിലൂടെ മലയാളത്തിനു ലഭിച്ചത് എക്കാലത്തെയും മികച്ച ഗാനങ്ങളാണ്. 1972-ൽ പുറത്തിറങ്ങിയ ‘ഭജ ഗോവിന്ദം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്രഗാനരംഗത്തെത്തിയത്. പിന്നീട് നിരവധി ചിത്രങ്ങൾക്കു വേണ്ടി ഗാനങ്ങള്‍ രചിച്ചു. ശ്യാം, എ.ടി. ഉമ്മർ, രവീന്ദ്രൻ, ജി. ദേവരാജൻ, ഇളയരാജ തുടങ്ങി പ്രശസ്തരായ സംഗീതസംവിധായകരുമായി ചേർന്ന് എഴുപതുകളിലും എൺപതുകളിലും നിരവധി ഗാനങ്ങള്‍ പുറത്തിറക്കി. എ.ആർ റഹ്മാൻ ഈണമിട്ട യോദ്ധ എന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയതും ബിച്ചു തിരുമലയാണ്. 1981–ലും 91–ലും മികച്ച ഗാനരചയിതാവിനുള്ള കേരളസംസ്ഥാന