വിജയ് നായകനായെത്തിയ ‘ബിഗിൽ’ തിയറ്ററുകളിൽ നിറഞ്ഞ കയ്യടി നേടി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തിലെ പുതിയ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറക്കാർ. ‘വെരിത്തണം’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. വിജയുടെ ചടുലമായ നൃത്തച്ചുവടുകൾ തന്നെയാണ് ഗാനത്തിന്റെ മുഖ്യ ആകർഷണം. 

വിവേകിന്റെ വരികൾക്ക് എ.ആർ റഹ്മാൻ ഈണം പകർന്നിരിക്കുന്നു. വിജയ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രിയതാരത്തിന്റെ അഭിനയം പോലെ തന്നെ ആലാപനവും ഏറെ വ്യത്യസ്തത പുലർത്തുന്നു എന്നാണ് പ്രേക്ഷകപക്ഷം. ചിത്രത്തിലെ മറ്റ് ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു. നയൻ താരയാണ് വിജയുടെ നായികയായെത്തുന്നത്. ജാക്കി ഷ്രഫ്, വിവേക്, കതിർ തുടങ്ങിയവരും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

അറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എ ജി എസ് എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ കൽപതി എസ് അഘോരം ചിത്രം നിർമിച്ചിരിക്കുന്നു. റിലീസ് ചെയ്ത അന്നു മുതൽ തിയറ്ററുകളിൽ തരംഗമായി മാറിയിരിക്കുകയാണ് ബിഗിൽ.