പാട്ടിനൊപ്പം പാടി അഭിനയിച്ച് മലയാളികളുടെ പ്രിയ താരം ജയറാം. മഴവിൽ മനോരമയുടെ ‘പാടാം നമുക്കു പാടാം’ സംഗീത പരിപാടിയുടെ ഫിനാലെ വേദിയിൽ അതിഥിയായി എത്തിയപ്പോഴാണ് പ്രേക്ഷകർക്കു മുന്നിൽ താരം നിറഞ്ഞഭിനയിച്ചത്. ‘അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം....’ എന്ന ഗാനത്തിന് റിമി ടോമിക്കൊപ്പമായിരുന്നു പ്രണയാർദ്രമായ പ്രകടനം കാഴ്ച വച്ചത്. പ്രേക്ഷകരുടെയും അവതാരകയുടെയും ആവശ്യപ്രകാരം ആ ഗാനം വേദിയിൽ ആലപിച്ച ജയറാം, ഹൃദ്യമായ ആലാപനത്തിലൂടെ നിറഞ്ഞ കയ്യടി നേടുകയും ചെയ്തു. അതിനു ശേഷമാണ് ‘പാടാം നമുക്ക് പാടാം’ പരിപാടിയുടെ വിധികർത്താവു കൂടിയായ റിമി ടോമിക്കൊപ്പം ചുവടു വച്ചത്. 

‘അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം

അന്ന് നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം

നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം....’

നസീറിന്റെ മാനറിസങ്ങൾ അനുകരിച്ച് ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജയറാം. നസീർ അഭിനയിച്ച പാട്ടിനൊപ്പമുള്ള പ്രകടനത്തിലും നസീറിന്റെ ശൈലികൾ കൊണ്ടുവരാൻ അദ്ദേഹം മറന്നില്ല. ജയറാം തകർത്തഭിനയിച്ചപ്പോൾ കൂടെ കട്ടയ്ക്കു‌ നിന്ന് അഭിനയിക്കുകയായിരുന്നു റിമി ടോമി. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത് 2015–ൽ പുറത്തിറങ്ങിയ ‘തിങ്കൾ മുതൽ വെള്ളി വരെ’ എന്ന ചിത്രത്തിൽ ഇരുവരും നായികാ നായകൻമാരായിരുന്നു. അതു നേരിട്ടു കാണണമെന്ന അവതാരകയുടെ അഭ്യർഥന പ്രകാരമായിരുന്നു ഗാനത്തിനൊത്ത് താരങ്ങൾ ചുവടു വച്ചത്.  ‘എന്റെ നായിക കൂടുതൽ സുന്ദരിയായിരിക്കുന്നു’ എന്ന് റിമിയെ കണ്ടപ്പോൾ ജയറാം പ്രതികരിച്ചു. 

രണ്ടാം തവണയാണ് ജയറാം പാടാം നമുക്ക് പാടാം വേദിയിലെത്തുന്നത്. മേളത്തിൽ കമ്പമുള്ള ജയറാം മത്സരാർഥികളുടെ ഗാനത്തിന്റെ താളത്തിനൊപ്പം ഏറെ ആസ്വദിച്ച് വിരലുകൾ ചലിപ്പിച്ചു. സംഗീത് എന്ന മത്സരാർഥിയുടെ ആലാപനത്തിനു ശേഷം എഴുന്നേറ്റു നിന്ന് സംഗീതിനു നേരെ കൈകൂപ്പി. ഓരോ മത്സരാർഥിയുടെയും പ്രകടനത്തിന് ശേഷം മനസ്സു നിറഞ്ഞ് അഭിപ്രായം പറഞ്ഞ ജയറാം, അവരോടൊപ്പം ഏറെ നേരം വിശേഷങ്ങൾ പങ്കുവച്ചതിനു ശേഷമാണ് വേദി വിട്ടത്.