മുതിർന്ന കർണാടക സംഗീതജ്ഞൻ എൻ.പി. രാമസ്വാമി അന്തരിച്ചു. 88 വയസായിരുന്നു. സ്വാതി തിരുനാൾ സംഗീത സദസിലെ അംഗമായിരുന്ന പാലക്കാട് പരമേശ്വര ഭാഗവതരുടെ പിൻതലമുറക്കാരനായ രാമസ്വാമിക്കു ലോകമെങ്ങും ശിഷ്യന്മാരുണ്ട്. അച്ഛൻ എൻ.ആർ.പി. അയ്യരുടെ ശിഷ്യനായി ശാസ്ത്രീയ സംഗീതപഠനം ആരംഭിച്ച രാമസ്വാമി പതിനാറാം വയസിൽ അരങ്ങേറ്റം കുറിച്ചു. 

രണ്ടായിരത്തിലേറെ വേദികളിൽ പാടിയ അദ്ദേഹം സ്വന്തമായി കൃതികളും താളരൂപങ്ങളും സംഗീതലോകത്തിനു സംഭാവന ചെയ്തു. 22 വർണങ്ങൾ, 35 കീർത്തനങ്ങൾ, 2 തില്ലാന എന്നിവ രചനകളിൽ ഉൾപ്പെടുന്നു. 

അര നൂറ്റാണ്ടിലേറെയായി ആകാശവാണിയിൽ മുൻനിര സംഗീതജ്ഞനാണ്. മനോധർമ സ്വരങ്ങളിലെ സാങ്കേതികത്വം, സംഗീതമഞ്ജരി 2 വാല്യങ്ങൾ തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു. കേരളസംഗീത നാടക അക്കാദമി അവാർഡ്, ദക്ഷിണാമൂർത്തി സംഗീത അവാർഡ്, എന്നിവയും കേരള ദീക്ഷിതർ സംഗീത രത്നയും അടക്കമുള്ള വിവിധ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.