ശബരിമലയെ മുൻനിർത്തിയുള്ള വിശ്വാസവും ഇടതുപക്ഷ രാഷ്ട്രീയവും ചർച്ചയാകുന്ന ലാൽ ജോസ് ജോസ് ചിത്രം ‘നാൽപത്തിയൊന്നി’ലെ ‘അയ്യനയ്യൻ....’ എന്ന തുടങ്ങുന്ന ഗാനം റിലീസ് ചെയ്തു. റഫീഖ് അഹമ്മദ്–ബിജിബാൽ കൂട്ടുകെട്ടിൽ പിറന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് സംഗീതസംവിധായകൻ ശരത് ആണ്. 

തട്ടിൻപുറത്ത് അച്യുതന് ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നാൽപത്തിയൊന്ന്. ലാൽ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്. കണ്ണൂരിൽ നിന്നുള്ള രണ്ട് കമ്യൂണിസ്റ്റുകാരുടെ ശബരിമലയാത്രയുടെ കഥ പറയുന്ന സിനിമയിലെ മറ്റ് ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു. ബിജു മേനോൻ, നിമിഷ സജയൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

നവാഗതനായ പി.ജി.പ്രഗീഷിന്റേതാണ് തിരക്കഥ. എസ്.കുമാറാണ് ഛായാഗ്രാഹകൻ. ലാൽ ജോസ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ബിജിബാൽ സംഗീതസംവിധാനം നിർവഹിച്ച ചിത്രത്തിൽ ശ്രേയ ഘോഷാൽ, സംഗീത സംവിധായകൻ ശരത്, വിജേഷ് ഗോപാൽ, ദയ ബിജിബാൽ എന്നിവരാണ് പാടിയിരിക്കുന്നത്. റഫീഖ് അഹമ്മദിനെ കൂടാതെ ശ്രീരേഖ ഭാസ്കറും ഗാനരചനയിൽ പങ്കു ചേർന്നിട്ടുണ്ട്.