ദൃശ്യത്തിലും ശബ്ദത്തിലും വ്യത്യസ്തത നിറച്ച് ഒരു ഗാനം. ‘അയ്യോ’ എന്ന് പേരിട്ടിരിക്കുന്ന ഗാനം, ഗായകനും സംഗീതസംവിധായകനുമായ സച്ചിൻ വാര്യർ സമൂഹമാധ്യമങ്ങളിലൂടെ റിലീസ് ചെയ്തു. സുഭാഷ് സഹദേവൻ, ശരത് സഹദേവൻ എന്നീ സഹോദരങ്ങളാണ് ഇത്തരമൊരു വ്യത്യസ്ത ഗാനത്തിന് പിന്നിൽ. ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നതും അവർ തന്നെ. മതം, വിശ്വാസം എന്നീ കാര്യങ്ങള‍ോട് വിഭിന്നമായ കാഴ്ചപ്പാടുകൾ വച്ചു പുലർത്തുന്ന രണ്ട് യുവാക്കളെയാണ് ഗാനത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഭൂമിയിൽ സംഭവിക്കുന്ന ഓരോ കാര്യവും ദൈവം അറിയുന്നുണ്ടെന്നും അതെല്ലാം കണ്ട് ദൈവം കരയുകയും ചിരിക്കുകയും ചെയ്യുന്നുണ്ടെന്നും ഉള്ള ആശയമാണ് പാട്ടിലൂടെ മുന്നോട്ട് വച്ചിരിക്കുന്നതെന്ന് സുഭാഷ് മനോരമ ഓൺലൈനിനോട് പറഞ്ഞു.   

‘മാനത്തുന്ന് വെള്ളം വീഴുന്നേ

ആരോ കരയണതാണോ

മാനത്തുന്ന് വെട്ടം വീഴുന്നേ

ആരോ പോകണതാണോ....’ 

സുഭാഷ് തന്നെയാണ് പാട്ടിന് വരികളൊരുക്കിയതും ആലാപിച്ചിരിക്കുന്നതും. ആശയവും സുഭാഷിന്റേതാണ്. സഹോദരൻ ശരതും ആലാപനത്തിൽ പങ്കു ചേർന്നിട്ടുണ്ട്. 2s യുണൈറ്റഡും ഇലാമയും ചേർന്നാണ് സംഗീതസംവിധാനം നിർവഹിച്ചത്. പേരു കൊണ്ടു തന്നെ ഗാനം ഏറെ ആകർഷിക്കപ്പെടുന്നു എന്നാണ് ശ്രോതാക്കളുടെ പക്ഷം. 

ജോയൽ തോമസ് സാം സംവിധാനം നിർവഹിച്ച ഗാനം എഡിറ്റ് ചെയ്തത് ജെറിൻ ജെയിംസ് ജോ ആണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ട ഗാനം, മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സുഭാഷും ശരതും ചേർന്ന് ആറു മാസങ്ങൾക്കു മുൻപ് ‘കോട്ടയം പാട്ട്’ എന്ന പേരിൽ കോട്ടയത്തിന്റെ മനോഹാരിതയെ വർണിച്ച് ഒരു പാട്ട്പുറത്തിറക്കിയിരുന്നു. അതും ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.