കുമ്പളങ്ങി നൈറ്റ്സിന് ശേഷം അന്ന ബെൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഹെലന്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘കാണാ തീരം....’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറക്കാർ പുറത്തു വിട്ടത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു. മേഘ ജോസുകുട്ടിയാണ് ഗാനം ആലപിച്ചത്.

‘കാണാ തീരം തേടും നീയാരോ

ഓമൽ പ്രാവോ അരിയശലഭ മിഴിയോ

സുന്ദരം ഇതു ജീവിതം

സുന്ദരം, സുന്ദരം.....’

ഹെലൻ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് അന്ന ബെൻ അവതരിപ്പിക്കുന്നത്. ലാൽ അന്നയുടെ അച്ഛനായി വേഷമിടുന്നു. അന്നയുടെ പ്രണയാർദ്ര രംഗങ്ങളും അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധങ്ങളും ഉൾപ്പെടുത്തിയ ദൃശ്യങ്ങളാണ് ഗാനരംഗത്തിലുള്ളത്. ചിത്രത്തിലെ മറ്റൊരു ഗാനം നേരത്തെ റിലീസ് ചെയ്തിരുന്നു. 

ആൽഫ്രഡ് കുര്യൻ, അജു വർഗ്ഗീസ്, റോണി ഡോവിഡ് രാജ്, ലാൽ പോൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ‘ആനന്ദ’ത്തിന് ശേഷം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിൽ വിനീത് ശ്രീനിവാസൻ നിർമിക്കുന്ന ചിത്രം കൂടിയാണ് ഹെലൻ. ആനന്ദ് സി. ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.