ശാന്തവും മാധുര്യം നിറഞ്ഞതുമായ ആലാപനത്തിലൂടെ ശ്രോതാക്കളെ കയ്യിലെടുത്ത ഗായികയാണ് സൂര്യഗായത്രി. ഇപ്പോഴിതാ പ്രകൃതിയുടെ സൗന്ദര്യവും താരാട്ടിന്റെ ചാരുതയും കൂട്ടിയിണക്കി പുതിയ ഗാനവുമായി എത്തിയിരിക്കുകയാണ് ഈ പതിനാലുകാരി. എല്ലാ കുഞ്ഞുങ്ങൾക്കും അവരുടെ അമ്മമാർക്കും വേണ്ടി ഈ ഗാനം സമർപ്പിക്കുന്നു എന്നു പറഞ്ഞ് ശിശുദിന സമ്മാനമായിട്ടാണ് സൂര്യ ഗായത്രി തന്റെ പുതിയ പാട്ട് പുറത്തിറക്കിയത്. 

വസന്തകാലം കൊണ്ടു വരുന്ന സ്വഭാവിക സൗന്ദര്യം വരച്ചിട്ടുകൊണ്ടാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. സൂര്യഗായത്രിയുടെ ഹൃദ്യമായ ആലാപനശൈലി കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് പാട്ട് ഇപ്പോൾ. ഒരമ്മയ്ക്ക് കുഞ്ഞിനോടുള്ള ആത്മസ്നേഹത്തെക്കുറിച്ച് പാടിപ്പറഞ്ഞു തരുന്ന ഗായികയെ പ്രശംസിച്ച് നിരവധി പേർ കമന്റുകൾ രേഖപ്പെടുത്തി. 

‘മലർവാക പൂക്കുന്ന കാലം എങ്ങും 

മലരുകൾ വിരിയുന്ന നേരം

കണിമലരായ് വന്നു നീ മാനസത്തിൽ

മണിമലരുകൾ പൂത്താലമേന്തി നിൽക്കെ....

മിനി നാരായണനാണ് ഗാനത്തിന് വരികളൊരുക്കിയത്. പ്രശാന്ത് ശങ്കർ സംഗീതം പകർന്നിരിക്കുന്നു. പ്രശാന്തിന്റെ സഹോദരൻ പ്രസാദ് ആണ് ഗാനം ചിത്രീകരിച്ചതും എഡിറ്റ് ചെയ്തതും. 

കേരളത്തിനകത്തും പുറത്തുമായി നിരവധി ആരാധകരുണ്ട് സൂര്യഗായത്രിക്ക്. എം.എസ് സുബ്ബലക്ഷ്മിയുടെ പിൻമുറക്കാരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഗായിക ഇതിനോടകം നിരവധി സംഗീത വേദികളിൽ പാടിയിട്ടുണ്ട്. സംഗീതം ദൈവികമാണെന്നും അതിനാൽ മത്സരിക്കാനില്ലെന്നുമാണ് ഈ കലാകാരിയുടെ നിലപാട്. മൃദംഗവിദ്വാൻ അനിൽകുമാറിന്റെയും കവയിത്രി പി.കെ. ദിവ്യയുടെയും മകളാണ് സൂര്യഗായത്രി.