കഴിഞ്ഞ ആറര പതിറ്റാണ്ടുകളായി രാജ്യം കേട്ടാസ്വദിക്കുന്ന പി.സുശീലയുടേത്. ആ സ്വരമാധുരിയിൽ പിറന്ന ഗാനങ്ങൾ കാലത്തിനും ദേശത്തിനും ഭാഷകൾക്കുമതീതമായി സംഗീത പ്രേമികൾ ആസ്വദിക്കുന്നു. പ്രായം എൺപത്തിനാല് പിന്നിടുമ്പോഴും ആ സ്വരത്തിന് ഇന്നും മധുര പതിനേഴ് ആണ്. സംഗീതത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ആ പ്രതിഭ ഒരിക്കൽ സംഗീത ജീവിതം ഉപേക്ഷിക്കാൻ ഉറച്ച തീരുമാനമെടുത്തിരുന്നു. മനോരമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അധികമാർക്കും അറിയാത്ത ഇക്കാര്യം പ്രിയ ഗായിക തുറന്നു പറഞ്ഞത്.

പി.സുശീലയുടെ വാക്കുകൾ ഇങ്ങനെ: ‘എന്റെ രണ്ടു വയസ്സുള്ള മകന്‍ അകാലത്തിൽ മരണപ്പെട്ടു. ആ ആഘാതം എനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറത്തായിരുന്നു. മകന്റെ വേർപാടിൽ ഒരമ്മയ്ക്കുണ്ടാകുന്ന ദുഃഖം എത്രത്തോളമായിരിക്കുമെന്ന് ഊഹിക്കാമല്ലോ. ആ അപ്രതീക്ഷിത സംഭവത്തിന് പിന്നാലെ ഞാൻ സംഗീത ജീവിതം ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇനി ഒരിക്കലും സിനിമയിൽ പാടില്ല എന്നും ഉറപ്പിച്ചു. എന്നാൽ ഒരു ദിവസം ദേവരാജൻ മാസ്റ്ററും കുഞ്ചാക്കോയും കൂടി എന്റെ വീട്ടിൽ വന്നു. സംഗീത ജീവിതത്തിലേക്കു മടങ്ങി വരണമെന്ന് അഭ്യർഥിച്ചു. ഞാൻ പാടിയില്ലെങ്കിൽ അവർ സിനിമ എടുക്കില്ല എന്നു കൂടി പറഞ്ഞു. അവരുടെ അതുവരെയുള്ള എല്ലാ സിനിമകളിലും ഞാൻ ആയിരുന്നു പാടിയിരുന്നത്. അങ്ങനെ അവരുടെ നിർബന്ധ പ്രകാരം ഞാൻ വീണ്ടും സംഗീതജീവിതത്തിലേക്കു വരാൻ തീരുമാനിച്ചു. അത് ഏറെ നന്നായി എന്ന് ഇപ്പോൾ തോന്നുന്നു.’  

സംഗീതം എന്ന മൂന്നക്ഷരത്തെയാണ് സുശീല ഏറ്റവും കൂടുതൽ സ്നേഹിച്ചത്. സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുമ്പോഴും സംഗീതത്തിനായിരുന്നു പ്രഥമസ്ഥാനം. ശാസ്ത്രീയ സംഗീതവും ചലച്ചിത്ര ഗാനങ്ങളും ഒരുമിച്ചു കൊണ്ടു പോകാൻ പ്രയാസമായതിനാൽ ഇടക്കു വച്ച് ശാസ്ത്രീയ സംഗീത പഠനം ഉപേക്ഷിച്ചു. 

മലയാള ചലച്ചിത്ര സംഗീത മേഖലയ്ക്ക് അകമഴിഞ്ഞ സംഭാവനകൾ നൽകിയ ഗായികയാണ് പി.സുശീല. ‘സുശീലാമ്മ’ എന്നാണ് സംഗീത പ്രേമികൾ വിളിക്കുന്നത്. ദേവഗായിക എന്നാണ് ഭാവഗായകൻ പി.ജയചന്ദ്രൻ സുശീലയെ വിശേഷിപ്പിച്ചത്. മലയാളത്തിൽ ധ്വനി എന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കാൻ നൗഷാദ് വന്നത് സുശീലാമ്മ പാടാനുണ്ടാകും എന്ന ഒറ്റ ഉറപ്പിൻമേൽ ആയിരുന്നു. 

1960–ൽ പുറത്തിറങ്ങിയ ‘സീത’ എന്ന ചിത്രത്തിലെ ‘പാട്ടുപാടിയുറക്കാം ഞാൻ’ ആണ് മലയാളത്തിലെ ആദ്യഗാനം. മലയാളത്തിൽ മാത്രം 916 പാട്ടുകൾ പാടി. അതിൽ 846 എണ്ണവും സിനിമാ ഗാനങ്ങളാണ്. ബാക്കിയുള്ളവ ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും. മലയാളത്തിൽ യേശുദാസിനൊപ്പമാണ് ഏറ്റവുമധികം യുഗ്മഗാനങ്ങൾ പാടിയത്. ദേവരാജൻ മാസ്റ്റർ ആണ് സുശീലയുടെ സ്വരം ഏറ്റവും കൂടുതൽ തവണ ഉപയോഗപ്പെടുത്തിയത്. പൂന്തേനരുവീ.. (ഒരു പെണ്ണിന്റെ കഥ), പൂവുകൾക്കു പുണ്യകാലം (ചുവന്ന സന്ധ്യകൾ) എന്നീ ഗാനങ്ങൾക്ക് മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന പുരസ്കാരം ലഭിച്ചു. യേശുദാസ്, പി.ജയചന്ദ്രൻ, കെ. എസ് ചിത്ര, സുജാത, എസ്.ജാനകി, വാണി ജയറാം തുടങ്ങി നിരവധി ഗായകർക്കൊപ്പം  പാടിയിട്ടുണ്ടെങ്കിലും അവരോട് വ്യക്തിപരമായ ഒരടുപ്പം കാണിക്കാൻ തനിക്ക് അധികം സമയം ലഭിച്ചിരുന്നില്ല എന്നും എപ്പോഴും സംഗീതവുമായി ബന്ധപ്പെട്ടായിരുന്നു ജീവിതമെന്നും സുശീല പറയുന്നു.