അമ്മക്കിളിയുടെ ചുണ്ടിലെ തേൻ 

നുകർന്നാരോമൽ പൈങ്കിളി ചായുറങ്ങ്

ഗായിക സിത്താര കൃഷ്ണകുമാർ പാടുകയാണ്. അമ്മയുടെ വാൽസല്യവും നൊമ്പരവും കരുതലുമെല്ലാം പാട്ടിന്റെ വരികളിൽ മാത്രമല്ല, ആ ശബ്ദത്തിൽപ്പോലും അലിഞ്ഞിരിക്കുന്നുവെന്ന് ആരാധകർ പറയുന്നു.  ജയ് ജിതിൻ പ്രകാശ് സംവിധാനം ചെയ്യുന്ന കൺഫെഷൻസ് ഓഫ് എ കുക്കു എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയതാണ് സിത്താര പാടിയ താരാട്ടു പാട്ട്. 

അലോഷ്യ പീറ്റർ സംഗീതം നൽകിയിരിക്കുന്ന താരാട്ടു പാട്ടിന് വരികളെഴുതിയിരിക്കുന്നത് ഗീത പ്രകാശ് ആണ്. കൺഫെഷൻസ് ഓഫ് എ കുക്കു എന്ന ചിത്രത്തിന്റെ പ്രചാരണത്തിനായുള്ള വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ശബരി വിശ്വം. കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ശക്തമായ സന്ദേശമാണ് ഗാനം പങ്കുവയ്ക്കുന്നത്. സാധാരണക്കാർക്കൊപ്പം നടി മഞ്ജു വാര്യർ, കൊച്ചി മേയർ സൗമിനി ജെയിൻ തുടങ്ങിയ പ്രമുഖരും കുട്ടികൾക്കെതിരയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന സന്ദേശവുമായി വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. 

'ആത്മാവിന്റെ മുറിവ് പോലും കുട്ടികൾക്കൊപ്പമായിരിക്കുന്നതിലൂടെ സുഖപ്പെടും' എന്ന ആമുഖത്തോടെയാണ് നടി മഞ്ജു വാര്യർ വിഡിയോ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചത്. ഗാനവും ചിത്രീകരണവും ഹൃദയസ്പർശിയാണെന്നാണ് ആരാധകരുടെ കമന്റ്. കാലികപ്രസക്തമായ ഒരു സന്ദേശം പങ്കുവയ്ക്കുന്ന ഗാനം സംഗീതപ്രേമികൾ ഏറ്റെടുത്തു. സമൂഹമാധ്യമങ്ങളിലും മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്.