മലയാളത്തിന് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ഗാന രചയിതാവാണ് ബിച്ചു തിരുമല. ഓരോ പാട്ടിനു പിന്നിലും ഓരോ കഥയുണ്ട്. പാട്ടെഴുത്തിന്റെ അമ്പതാം വർഷത്തി നിൽക്കുമ്പോൾ ഓരോ ഗാനവും പിറന്നതെങ്ങനെയെന്ന് കൃത്യമായി ഓർത്തെടുത്ത് പറയുകയാണ് മലയാളികളുടെ ഈ പ്രിയ ഗാനരചയിതാവ്. പ്രിയദർശൻ സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ ‘കിലുക്കം’ എന്ന ചിത്രവും അതിലെ ഗാനങ്ങളുമെല്ലാം സൂപ്പർഹിറ്റ് ആയിരുന്നു. ചിത്രത്തിലെ‘പനി നീർ ചന്ദ്രികേ....’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പിറവിയെക്കുറിച്ച് മനോരമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ബിച്ചു തിരുമല പങ്കു വയ്ക്കുന്നു.

ബിച്ചു തിരുമലയുടെ വാക്കുകൾ ഇങ്ങനെ: ഈ പാട്ടിന്റെ ഈണം കേട്ടത് എനിക്കോർമ ഉണ്ടായിരുന്നു. അതു വച്ച് ഞാൻ വരികൾ തയ്യാറാക്കി. എന്റെ ഭാര്യയുടെ സഹോദരിയെക്കൊണ്ട് ഞാൻ അത് എഴുതിപ്പിച്ചു. പക്ഷേ കഥ കേൾക്കാൻ പോയപ്പോൾ ഞാൻ എഴുതി വച്ചത് എടുക്കാൻ മറന്നു പോയി. കഥയുമായി ബന്ധപ്പെട്ടു തന്നെയായിരുന്നു ഞാൻ എഴുതിയ വരികൾ. ഞാൻ ഉടനെ ഭാര്യാ സഹോദരിയെ ഫോണിൽ വിളിച്ചു. അവളോട് അതൊന്ന് പറഞ്ഞു തരാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ഫോണിൽ കേട്ട് ഞാൻ അത് കുറിച്ചെടുത്തു. ചെറിയ ചില മാറ്റങ്ങൾ വരുത്തിയ ശേഷം ആ പാട്ട് കൊടുത്തു. അത് സൂപ്പർഹിറ്റ് ആയി’.

കിലുക്കത്തിലെ എല്ലാ ഗാനങ്ങൾക്കും വരികൾ ഒരുക്കിയത് ബിച്ചു തിരുമലയാണ്. എസ്.പി വെങ്കടേഷ് ഈണം പകർന്നു. കുട്ടിക്കാലത്ത് ചെറു ഗാനങ്ങൾ എഴുതുമായിരുന്നെങ്കിലും വളരെ അവിചാരിതമായിട്ടാണ് ചലച്ചിത്ര സംഗീത മേഖലയിലേക്ക് കടന്നു വന്നതെന്ന് ബിച്ചു പറയുന്നു. ആ അപ്രതീക്ഷിത കടന്നു വരവിലൂടെ മലയാളത്തിന് ലഭിച്ചത് എക്കാലത്തെയും മികച്ച ഗാനങ്ങളാണ്.