സംഗീതസംവിധായകൻ ഒ.കെ രവിശങ്കർ ആലപിച്ച ഭക്തിഗാനം പ്രേക്ഷകശ്രദ്ധ നേടുന്നു. ജയ ജയ ഭഗവതി എന്ന ആൽബത്തിലെ ‘കാണ്മൂ ഞാൻ ഈശ്വരി....’ എന്ന ഗാനത്തിന് സംഗീതം പകർന്ന് ആലപിച്ചിരിക്കുകയാണ് രവിശങ്കർ. ഗാനത്തിന് ഭക്തിസാന്ദ്രമായ വരികൾ ഒരുക്കിയത് ഗോപി പുഞ്ചമൺ. ആലാപനശൈലിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് പാട്ട്. 

‘കാൺമു ഞാൻ ഈശ്വരീ നിന്നെയെൻ ഉള്ളിലും

കാണുന്നു ദൂരെ വിഹായസ്സിലും......’

ഇതിനു മുൻപ് എഴുപതോളം ഭക്തിഗാനങ്ങൾക്ക് രവിശങ്കർ സംഗീതം പകർന്നിട്ടുണ്ട്. അദ്ദേഹം ആലപിച്ച പാട്ടുകളുടെ സിഡികളും പുറത്തിറങ്ങിയിട്ടുണ്ട്. ത്യാഗരാജ സ്വാമികൾ, അഗ്നിസാക്ഷി, യാത്ര, ഇഷ്ടം, കൃഷ്ണകൃപാസാഗരം തുടങ്ങി നിരവധി പരമ്പരകളിൽ നായകവേഷം അവതരിപ്പിച്ചത് രവിശങ്കർ ആയിരുന്നു. 

പൊൻകുന്നം വർക്കിയുടെ ‘ഭർത്താവ്’ എന്ന നോവലിനെ ആസ്പദമാക്കി പുറത്തിറങ്ങിയ സിനിമയിൽ പ്രധാന വേഷത്തിലെത്തിയത് രവിശങ്കർ ആയിരുന്നു. ചിത്രത്തിന് അഞ്ച് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ‘ഗ്രാമം’ എന്ന ചിത്രത്തിലും രവിശങ്കർ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.