സിജു വിൽസൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വാർത്തകൾ ഇതുവരെ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘അമ്മാനത്താമലയിൽ അമ്പിളി വെട്ടം കണ്ടില്ലേ’..... എന്ന് തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് റിലീസ് ചെയ്തത്. 

‘അമ്മാനത്താമലയിൽ

അമ്പിളി വട്ടം കണ്ടില്ലേ കണ്ടില്ലേ മുകിലുകളേ

ആയിരത്തിരി വെട്ടങ്ങൾ കണ്ടോ മാളോരേ....’

കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് മെജോ ജോസഫ് ഈണം പകർന്നിരിക്കുന്നു. ജി.വേണുഗോപാൽ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. തന്റെ പുതിയ ഗാനത്തെക്കുറിച്ച് വേണുഗോപാൽ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഗ്രാമ്യഭംഗി തുടിക്കുന്ന കാഴ്ചകളാണ് ഗാനത്തിലുള്ളത്.

ചിത്രത്തിലെ മറ്റു രണ്ട് പാട്ടുകൾ നേരത്തെ റിലീസ് ചെയ്തിരുന്നു. നവാഗതനായ മനോജ് നായർ ഒരുക്കുന്ന ചിത്രത്തിൽ അഭിരാമിയാണ് നായികയായെത്തുന്നത്. വിനയ് ഫോർട്ട് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നെടുമുടി വേണു, നന്ദു, മാമുക്കോയ, സൈജു കുറുപ്പ്, അലൻസിയർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ബിജു തോമസ് ജിബി പാറയ്ക്കൽ എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്.