എത്ര കേട്ടാലും മതിവരാത്തതാണ് ശബരിമലയിലെ ഭക്തിസാന്ദ്രമായ രാത്രികളെ വിശുദ്ധീകരിക്കുന്ന ‘ഹരിവരാസനം’. ഗാനഗന്ധർവ്വൻ യേശുദാസ് പാടി അനശ്വരമാക്കിയ ഹരിവരാസനം ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയ ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ ശബ്ദത്തിൽ പുറത്തിറങ്ങിയിരിക്കുകയാണ്. നടനും തിരക്കഥാകൃത്തും ടെലിവിഷൻ അവതാരകനുമായ ഹരി പി.നായർ സംവിധാനം ചെയ്ത ഗാനത്തിന് സംഗീതം പകർന്നത് കെ. എ അനീഷ്. 

ക്ഷേത്രത്തിന് മുന്നിൽ തൊഴുകയ്യോടെ നിൽക്കുന്ന അയ്യപ്പഭക്തന്മാരുടെ ദൃശ്യത്തോടെയാണ് ഗാനം ആരംഭിക്കുന്നത്. ഹരിയാണ് ഗാനത്തിൽ മുഖ്യമായും പ്രത്യക്ഷപ്പെടുന്നത്. ആലാപനമികവും ദൃശ്യാവിഷ്കാരവും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് ഗാനം. ഭവി ഭാസ്കർ ചിത്രീകരിച്ച പാട്ടിന് പ്രേംസായി എഡിറ്റിങ് നിർവഹിച്ചു. 

മണ്ഡലകാലത്ത് ഇത്ര ഭക്തിസാന്ദ്രമായി ഗാനം പുറത്തിറക്കിയതിന് നിരവധി പേരാണ് ഹരിയെ പ്രശംസിച്ച് കമന്റുകൾ രേഖപ്പെടുത്തിയത്. രമേഷ് പിഷാരടിയുടെ ആദ്യ സംവിധാന സംരംഭമായ ‘പഞ്ചവർണതത്ത’യുടെ തിരക്കഥാകൃത്താണ് ഹരി.