ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. ബോളിവുഡ് നടനും നിര്‍മാതാവുമായ തനൂജ് ഗാര്‍ഗ് ആണ് ഈ സന്തോഷ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ലത മങ്കേഷ്കറിനെ ആശുപത്രിയിലെത്തി സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പങ്കു വച്ചത്. ആശുപത്രി അധികൃതരിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, അടുത്ത ആഴ്ചയോടെ ലത ദീദി വീട്ടിലേക്ക് മടങ്ങുമെന്നും അതിൽ ഏറെ സന്തോഷം തോന്നുന്നു എന്നും തനൂജ് ട്വിറ്ററിൽ കുറിച്ചു.

തനൂജ് ഗാര്‍ഗിന്റെ ട്വീറ്റിന്റെ പൂർണ രൂപം: ‘ലതാ ദീദി സുഖം പ്രാപിച്ചതില്‍ ഏറെ സന്തോഷിക്കുന്നു. അടുത്തയാഴ്ച വീട്ടിലേക്ക് മടങ്ങാന്‍ സാധ്യതയുണ്ട്. അവരുടെ ആരോഗ്യം കൂടുതല്‍ മെച്ചപ്പെടാന്‍ നിങ്ങൾ പ്രാര്‍ത്ഥിക്കുക. ദീദിയെ വളരയധികം കരുതലോടെ ശുശ്രൂഷിച്ച ബ്രീച്ച് കാന്റി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെല്ലാം പ്രത്യേകിച്ച് ഡോ. സാംദാനി, ഡോ. ജനാര്‍ദ്ദന്‍, ഡോ.ശര്‍മ്മ എന്നിവർക്ക് എന്റെ ഹൃദ്യമായ നന്ദി അറിയിക്കുന്നു’.

ശ്വാസ തടസം അനുഭവപ്പെട്ടതിനെത്തുടർന്ന് നവംബർ 12–ന് പുലർച്ചെ 2 മണിയോടെയാണ് ലത മങ്കേഷ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയ ബാധിച്ചതോടെ ഹൃദയത്തിന്റെ പ്രവർത്തനത്തിലും തകരാറു സംഭവിച്ചിരുന്നു.