ഒമർ ലുലു രചനയും സംവിധാനവും നിർവഹിക്കുന്ന ‘ധമാക്ക’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘കണ്ടിട്ടും കാണാതെ....’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് റിലീസ് ചെയ്തത്. നവാഗതനായ ബ്ലെസ്് വരികളൊരുക്കി ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം പകർന്നത് ഗോപി സുന്ദർ ആണ്. 

ഒമർ ലുലു തന്റെ ചിത്രത്തിൽ പാട്ടൊരുക്കന്‍ അവസരം നൽകിയതിനെക്കുറിച്ച് ബ്ലെസ്്ലി സമൂഹമാധ്യമങ്ങളിൽ എഴുതിയ കുറിപ്പ് വൈറലായിരുന്നു. ബ്ലെസ്്ലിയുടെ ആദ്യ ഗാനം ഏറെ പ്രേക്ഷക സ്വീകാര്യത നേടുകയാണ്. വരികളിലും ആലാപനശൈലിയിലും പാട്ട് വ്യത്യസ്തത പുലർത്തു എന്ന് ശ്രോതാക്കൾ അഭിപ്രായപ്പെട്ടു. ബ്ലെസ്്ലിയെ പ്രശംസിച്ച് പലരും കമന്റുകൾ രേഖപ്പെടുത്തി. ‌

‘കണ്ടിട്ടും കാണാത്ത ഭാവത്തിൽ പോകുന്ന

ഡിങ്കിനി പെണ്ണല്ലെ നീ

കാലത്ത് വെയിലത്ത് കുന്തത്തിൽ പാഞ്ഞിട്ട്

ലുട്ടാപ്പി തേഞ്ഞല്ലോടി......’

നിക്കി ഗൽറാണിയും അരുണുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഒളിമ്പ്യൻ അന്തോണി ആദം’ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറിയ അഭിനേതാവാണ് അരുൺ. മുകേഷ്, ഉർവ്വശി, ധർമ്മജൻ ബോൾഗാട്ടി, ഇന്നസെന്റ്, ശാലിൻ സോയ, ഹരീഷ് കണാരൻ, ഇടവേള ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാർ ലവ് എന്നീ ചിത്രങ്ങൾക്കു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് ധമാക്ക. ഗുഡ്‌ലൈന്‍ പ്രൊഡക്‌ഷൻസിന്റെ ബാനറില്‍ എം.കെ.നാസറാണ് ചിത്രം നിര്‍മിക്കുന്നത്.