മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ‘പ്രതി പൂവൻകോഴി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. നിവിൻ പോളിയാണ് ഗാനം റിലീസ് ചെയ്തത്. അനിൽ പനച്ചൂരാന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു. പി.ജയചന്ദ്രനും അഭയ ഹിരൺമയിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

വരികളിലും ആലാപനശൈലിയിലും ഏറെ വ്യത്യസ്തത പുലർത്തുകയാണ് ഗാനം. മഞ്ജു വാര്യരും അലൻസിയറും ആണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നേരത്തേ റിലീസ് ചെയ്തിരുന്നു. വസ്ത്രശാലയിലെ സെയില്‍സ് ഗേൾ ആയാണ് മഞ്ജു വാര്യർ വേഷമിടുന്നത്. 

ശ്രീഗോകുലം മൂവീസ്സിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ചിത്രം നിർമിക്കുന്നു. അനുശ്രീ, സൈജു കുറുപ്പ്, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിവരും അഭിനയിക്കുന്നു. ജി ബാലമുരുകന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.