ഉപജീവനത്തിനായി റെയിൽവേ സ്റ്റേഷനിലിരുന്ന് പാട്ടുപാടി ശ്രദ്ധ നേടിയ റാണു മണ്ഡലിന്റെ മേക്ക്ഓവർ ചിത്രങ്ങൾ ഈ അടുത്ത കാലത്ത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ചിത്രങ്ങൾക്കു പിന്നാലെ ട്രോളുകളുടെയും വിമർശനങ്ങളുടെയും പെരുമഴയായിരുന്നു. മുഖത്താകെ മേക്കപ്പ് ചെയ്ത് ലഹങ്ക ധരിച്ച് വലിയ ആഭരണങ്ങൾ അണിഞ്ഞിരിക്കുന്ന റാണുവിന്റെ ചിത്രങ്ങളാണ് പ്രചരിച്ചത്. എന്നാൽ പ്രചരിച്ച ചിത്രങ്ങളെല്ലാം വ്യാജമാണെന്നും അതെല്ലാം എഡിറ്റ് ചെയ്ത് പുറത്തിറക്കിയതാണെന്നും തുറന്നു പറയുകയാണ് റാണുവിന്റെ മേക്ക് അപ്പ് ആർട്ടിസ്റ്റ് സന്ധ്യ. 

യഥാർഥ ചിത്രവും പ്രചരിക്കപ്പെട്ട ചിത്രവും സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തു കൊണ്ട് ഒരു കുറിപ്പും സന്ധ്യ പങ്കു വച്ചു. 

സന്ധ്യയുടെ കുറിപ്പ്: ‘എല്ലാ തമാശകളും ട്രോളുകളും നല്ലതാണ്. അവയെല്ലാം നമ്മെ ചിരിപ്പിക്കുകയും ചെയ്യും. എന്നാൽ ആരെയെങ്കിലും വേദനിപ്പിക്കാൻ വേണ്ടി ചെയ്യുന്ന അത്തരം കാര്യങ്ങൾ നല്ലതല്ല. നിങ്ങൾ സത്യം മനസിലാക്കുമെന്ന് ഞങ്ങൾ കരുതുന്നു. യഥാർഥ ചിത്രവും വ്യാജ ചിത്രങ്ങളും തിരിച്ചറിയുമെന്നും വിശ്വസിക്കുന്നു’.

കാൺപൂരിൽ തന്റെ പുതിയ മേക്ക്ഓവർ സലൂൺ ആരംഭിക്കുന്നതിന്റെ ഭാഗമായി താൻ റാണുവിനെ ക്ഷണിക്കുകയായിരുന്നുവെന്നും സന്ധ്യ പറയുന്നു. അൻപതുകാരിയായ റാണുവിന്റെ മേക്ക്ഓവർ ചിത്രങ്ങൾക്ക് പിന്നാലെ വലിയ രീതിയിലുള്ള പരിഹാസമാണ് അവർക്ക് നേരിടേണ്ടി വന്നത്. 

തനിക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച ആരാധികയെ ശകാരിക്കുന്ന റാണുവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘എന്നെ തൊടരുത് ഞാൻ സെലിബ്രിറ്റി ആണ്’ എന്നു പറഞ്ഞ് ആരാധികയെ ആക്ഷേപിച്ച റാണുവിനെതിരെ വിമർശനങ്ങൾ ഉയർന്നത് ഈ അടുത്ത കാലത്താണ്. അതിനു പിന്നാലെ ആയിരുന്നു മേക്ക്ഓവറിന്റെ ചിത്രങ്ങൾ പുറത്തു വന്നത്. 

ലതാ മങ്കേഷ്കറിന്റെ ‘ഏക് പ്യാർ കാ നഗ്മാ ഹയ്’ എന്ന ഗാനം ആലപിച്ചാണ് റാണു സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. പിന്നാലെ സംഗീതസംവിധായകൻ ഹിമേഷ് രേഷ്മിയ ‘ഹാപ്പി ഹർദി ആൻഡ് ഹീർ’ എന്ന ചിത്രത്തിൽ പാടാൻ അവർക്ക് അവസരം കൊടുത്തിരുന്നു. ഷാഹിദ് കപൂറും കരീന കപൂറും ഒന്നിച്ചഭിനയിച്ച ‘36 ചൈന ടൗൺ’ എന്ന ചിത്രത്തിലെ ‘ആഷികി മെൻ തേരി’ എന്ന ഗാനത്തിന്റെ പുതിയ പതിപ്പും അവർ റെക്കോർഡ് ചെയ്തിരുന്നു.