മമ്മൂട്ടിയുടെ മെഗാബജറ്റ് ചിത്രമായ ‘മാമാങ്ക’ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. തരാട്ടു പാട്ടിന്റെ ശീലുള്ള ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കകം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. അജയ് ഗോപാലിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം പകർന്നിരിക്കുന്നു. ബോംബെ ജയശ്രീ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ, ബാലതാരം അച്യുതൻ, കനിഹ, അനു സിത്താര എന്നിവരാണ് ഗാനരംഗത്തിൽ മുഖ്യമായും പ്രത്യക്ഷപ്പെടുന്നത്. 

ചിത്രത്തിൽ റഫീഖ് അഹമ്മദ് രചിച്ച് എം.ജയചന്ദ്രൻ ഈണം പകർന്ന ‘ മൂക്കുത്തി മൂക്കുത്തി കണ്ടില്ല....’ എന്നു തുടങ്ങുന്ന ആദ്യ ഗാനം ഏറെ പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. ശ്രേയ ഘോഷാൽ ആണ് ഗാനം ആലപിച്ചത്.

എം. പത്മകുമാറാണ് ‘മാമാങ്ക’ത്തിന്റെ സംവിധായകൻ. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിർമിക്കുന്നത്. കണ്ണൂർ, ഒറ്റപ്പാലം, കൊച്ചി, വാഗമൺ എന്നീ സ്ഥലങ്ങളിൽ വച്ചാണ് ചിത്രീകരണം നടത്തിയത്.