പിറന്നാൾ ദിനത്തിൽ ശബരിമല സന്നിധാനത്തെ വലിയ നടപ്പന്തലിൽ അയ്യപ്പന് സംഗീതാർച്ചന നടത്തി ശിവമണി. അയ്യപ്പഭക്തിഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീതാർച്ചനയെ ഭക്തർ കയ്യടികളോടെ സ്വീകരിച്ചു. സംഘർഷഭരിതമായ കഴിഞ്ഞ മണ്ഡലകാലത്ത് മുഖ്യ വേദിയിൽ പരിപാടി അവതരിപ്പിക്കാൻ ശിവമണിക്ക് അവസരം നിഷേധിച്ചിരുന്നു. 

ഇത്തവണ പതിവു പോലെ പതിനെട്ടാം പടി ചവിട്ടിയെത്തിയ ശിവമണിയുടെ ആദ്യ താളം ശ്രീകോവിലിനു സമീപമായിരുന്നു. പിറന്നാൾ ദിനത്തിൽ വീണ്ടും അയ്യപ്പനെ കാണാൻ എത്തിയതിന്റെ സന്തോഷത്തിലാണ് ശിവമണി. ഏറെ അനുഗ്രഹിക്കപ്പെട്ടതായി തോന്നി എന്ന് അദ്ദേഹം പറയുന്നു. വൃശ്ചിക മാസത്തിലെ അനിഴം നക്ഷത്രക്കാരനാണ് ശിവമണി. 

പൊലീസ് നിയന്ത്രണം കൊണ്ട് കഴിഞ്ഞ വർഷം നിഷേധിച്ച വലിയ നടപ്പന്തലിൽ ഇത്തവണ ശിവമണിയുടെ സംഗീതാർച്ചനയ്ക്ക് വിലക്കുണ്ടായില്ല. അയ്യനെ കാണാൻ എത്തിയാൽ ശിവമണി പതിവായി സംഗീതാർച്ചന നടത്താറുണ്ട്. പല ഗാനങ്ങളും താളത്തിൽ വായിച്ചപ്പോൾ ചുറ്റും കൂടിയ ഭക്തരും വലിയ ആവേശത്തിലായി.