‘കണ്ണാടിക്കൂടും കൂട്ടി....’ എന്ന സൂപ്പർഹിറ്റ് ഗാനത്തിന് വർഷങ്ങൾക്കു ശേഷം വീണ്ടും ചുവടു വച്ച് മഞ്ജു വാര്യർ. തേവര സേക്രട്ട് ഹാർട്ട് കോളജിലെ യൂണിയൻ ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിലാണ് മഞ്ജു വിദ്യാർഥികൾക്കൊപ്പം ചുവടു വച്ചത്. താരത്തിന്റെ നൃത്തത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. 

വിദ്യാർഥികൾക്കൊപ്പം ആവേശത്തോടെ ചുവടു വയ്ക്കുന്ന മഞ്ജുവിന്റെ നൃത്തം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സിബി മലയില്‍ സംവിധാനം ചെയ്ത് 1998–ൽ  പുറത്തിറങ്ങിയ ‘പ്രണയവർണങ്ങൾ’ എന്ന ചിത്രത്തിലെ ഗാനമാണിത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഈ പാട്ടിന് ഇന്നും ആരാധകർ ഏറെയാണ്. 

ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗർ ആണ് ഈണം പകർന്നത്. കെ.ജെ.യേശുദാസും കെ.എസ് ചിത്രയും ചേർന്ന് ഗാനം ആലപിച്ചു. മഞ്ജുവിനൊപ്പം സുരേഷ് ഗോപി, ദിവ്യ ഉണ്ണി, ബിജു മേനോൻ എന്നിവർ മുഖ്യ വേഷങ്ങളിലെത്തിയ സിനിമയാണ് പ്രണയവർണങ്ങൾ.