ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹരമായ ഐറിഷ് ബാൻഡ് യു2 ഇന്ത്യൻ സംഗീതവിസ്മയം എ.ആർ.റഹ്മാനുമായി ചേർന്നൊരുക്കിയ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. യു2 വിന്റെ ഇന്ത്യയിലെ ആദ്യ പരിപാടിക്ക് മുന്നോടിയായാണ് ‘അഹിംസ’ എന്ന പേരിൽ ഗാനം പുറത്തിറക്കിയത്. 

ഗാനത്തിന്റെ ലിറിക്കൽ വിഡിയോ എ.ആർ.റഹ്മാൻ ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി പങ്കു വച്ചു. ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആയുധങ്ങൾക്കോ അധികാരത്തിനോ തകർക്കാനാകാത്തതാണ് അഹിംസയെന്നും ആധുനിക ലോകത്തിന് ഇത് അത്യാവശ്യമാണെന്നും റഹ്മാൻ നേരത്തെ പറഞ്ഞിരുന്നു. 

ലോകത്തിന് ഇന്ത്യയുടെ ഏറ്റവും മികച്ച സമ്മാനമാണ് അഹിംസയെന്ന് യു2 മുഖ്യഗായകൻ ബോണോ പറഞ്ഞു. എ.ആർ.റഹ്മാനെ പോലുള്ള സംഗീതജ്ഞന്റെ കൂടെ പ്രവർത്തിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ടെന്ന് യു2 മുഖ്യ ഗിറ്റാറിസ്റ്റ് ആയ എഡ്ജ് പറഞ്ഞു. ബോണോയ്ക്കും എഡ്ജിനും ഒപ്പമുള്ള ചിത്രം എ.ആർ.റഹ്മാൻ ഫെയ്സ്ബുക്കിൽ പങ്കു വച്ചിരുന്നു.