തേവര സേക്രട്ട് ഹാർട്ട് കോളജില്‍ യൂണിയൻ ആഘോഷ പരിപാടിയിൽ അതിഥിയായി എത്തിയ മഞ്ജു വാര്യർ വേദിയിൽ വിദ്യാർഥികൾക്കൊപ്പം നൃത്തം വച്ചതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തന്റെ സിനിമകളിലെ പാട്ടുകൾ കോർത്തിണക്കി വിദ്യാർഥികൾ ഒരുക്കിയ നൃത്ത പരിപാടിയുടെ അവസാനം സാക്ഷാൽ മഞ്ജുവും അവർക്കൊപ്പം ചേർന്ന് ഡാൻസ് ചെയ്തു. 

‘കണ്ണാടിക്കൂടു കൂട്ടി.....’ എന്ന ഗാനത്തിനനുസരിച്ച് വിദ്യാർഥികൾക്കൊപ്പം ആവേശത്തോടെ നൃത്തം വയ്ക്കുന്ന മഞ്ജുവാണ് വിഡിയോയിൽ ഉള്ളത്. പ്രിയ താരത്തിന്റെ നൃത്തം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് വിഡിയോ പങ്കു വച്ചത്. 1998–ൽ പുറത്തിറങ്ങിയ ‘പ്രണയവർണങ്ങൾ’ എന്ന ചിത്രത്തിലെ ഗാനമാണിത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഈ പാട്ടിന് ഇന്നും ആരാധകർ ഏറെയാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗർ ആണ് ഈണം പകർന്നത്. കെ.ജെ.യേശുദാസും കെ.എസ് ചിത്രയും ചേർന്ന് ഗാനം ആലപിച്ചു. 

പ്രതി പൂവൻകോഴി എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് മഞ്ജു കോളജിലെത്തിയത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഇൗ ചിത്രം ഡിസംബർ 20–ന് റിലീസിനെത്തും.