ഹിൽ ടോപ്പിൽ നിന്നു താളം പിടിച്ച് പാട്ടു പാടി സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായികയും ജീവിതപങ്കാളിയുമായ അഭയ ഹിരൺമയിയും. ഒഴിവുകാലത്ത് മൂന്നാറിലെത്തിയപ്പോഴുണ്ടായ സുന്ദരനിമിഷങ്ങളുടെ വിഡിയോ ആണ് ഇരുവരും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. 1980–ൽ പുറത്തിറങ്ങിയ ‘വരുമയിൻ നിറം സിവപ്പ്’ എന്ന ചിത്രത്തിലെ ‘സിപ്പി ഇരിക്കത് മുത്തും ഇരിക്കത്’ എന്ന ഗാനമാണ് ഇരുവരും ആലപിച്ചത്. 

ചിത്രത്തിനു വേണ്ടി എം.എസ്.വിശ്വനാഥന്റെ സംഗീതത്തിൽ പിറന്ന ഗാനം ആലപിച്ചത് എസ്.പി.ബാലസുബ്രഹ്മണ്യവും എസ് ജാനകിയും ചേർന്നാണ്. താളം മുറിയാതെ ഏറെ ആസ്വദിച്ചാണ് ഗോപി സുന്ദറിന്റെയും അഭയയുടെയും ആലാപനം. മൂന്നാറിലെ പ്രകൃതിസുന്ദരകാഴ്ചകൾ പശ്ചാത്തലമായുള്ള വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു. 

കൂളിങ് ഗ്ലാസ് വച്ച് വ്യത്യസ്ത ഗെറ്റപ്പിൽ പ്രത്യക്ഷപ്പെട്ട ഗോപി സുന്ദറിന്റെയും അഭയയുടെയും ലുക്കും ആരാധകർക്കിടയിൽ ചർച്ചയായി. ഇരുവരും പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമലോകം ഏറ്റെടുക്കാറുണ്ട്. മുൻപ് സോഫയിൽ ഇരുന്ന് സ്റ്റീൽ പാത്രത്തിൽ ഗോപി സുന്ദർ താളമിടുകയും അതിനൊപ്പം അഭയ പാടുകയും ചെയ്തതിന്റെ വിഡിയോ വിഡിയോ വൈറലായിരുന്നു.