ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയെന്ന് മകനും ഗായകനുമായ എസ് പി ചരൺ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഹ്രസ്വ വിഡിയോയിലൂടെയാണ് ചരൺ ഇക്കാര്യം അറിയിച്ചത്. എസ്പിബിയ്ക്ക് കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയെങ്കിലും ശ്വാസകോശത്തിന്റെ പ്രവർത്തനം സാധാരണനിലയിൽ ആകുന്നതുവരെ വെന്റിലേറ്റർ സഹായം തുടരുമെന്ന് ആശുപത്രി അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

‘അപ്പയുടെ ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെട്ടുവെന്ന് മെഡിക്കൽ സംഘം അറിയിച്ചു. കൂടാതെ ഫിസിയോ തെറപ്പിയും വളരെ സജീവമായി നടക്കുന്നുണ്ട്. ഇപ്പോൾ പതിനഞ്ചു മിനിട്ടു മുതൽ ഇരുപത് മിനിട്ടു വരെ എഴുന്നേറ്റിരിക്കാൻ അപ്പയ്ക്കു സാധിക്കും. ഇനി മുതൽ വായിൽക്കൂടി നേരിട്ട് ഭക്ഷണം നൽകാൻ തുടങ്ങുമെന്ന് അപ്പയെ പരിചരിക്കുന്ന ഡോക്ടർമാർ അറിയിച്ചു. എല്ലാം ശുഭകരമായി ഭവിക്കുന്നതായാണു കാണുന്നത്’.– വിഡിയോയിൽ എസ് പി ചരൺ പറഞ്ഞു. 

എസ്പിബിയുടെ രോഗമുക്തിക്കും മടങ്ങിവരവിനും വേണ്ടി പ്രാർഥിച്ച എല്ലാവരോടും ഏറെ സ്നേഹത്തോടെ നന്ദി പറയുകയാണെന്നും തുടർന്നും പ്രാർഥനയിൽ ഓര്‍ക്കണമെന്നും ചരൺ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. എസ്പിബിയുടെ ആരോഗ്യനില സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം ഓരോ ദിവസവും ചരൺ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. 

ഓഗസ്റ്റ് 5നാണ് കോവിഡ് സ്ഥിരീകരിച്ച എസ് പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടക്കത്തിൽ ആരോഗ്യസ്ഥിതി തൃപ്തികരമായിരുന്നെങ്കിലും ഓഗസ്റ്റ് പതിമൂന്നോടെ നില വഷളാവുകയും അതിതീവ്രപരിചരണ വിഭാഗത്തിലേയ്ക്കു മാറ്റുകയുമായിരുന്നു. ഈ മാസം ഏഴിന് എസ്പിബിയ്ക്ക് കോവിഡ് ഫലം നെഗറ്റീവ് ആയി. ചെന്നൈയിലെ എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിലാണ് എസ് പി ബാലസുബ്രഹ്മണ്യം ചികിത്സയിൽ കഴിയുന്നത്.