ഭാവഗായകൻ പി.ജയചന്ദ്രന്റെ സ്വതസിദ്ധമായ ആലാപനത്തിലൂടെ പുറത്തിറങ്ങിയ ‘പാലക്കാട് നമ്മുടെ പാലക്കാട്’ എന്ന ഗാനം ആസ്വാദകരെ നേടുന്നു. പേരു സൂചിപ്പിക്കും പോലെ തന്നെ പാലക്കാടിനെക്കുറിച്ചാണ് പാട്ടിൽ വർണിച്ചിരിക്കുന്നത്. പാട്ടിനു വേണ്ടി പാലക്കാടിന്റെ എല്ലാ സൗന്ദര്യങ്ങളെയും വരികളിലൂടെ വരച്ചിട്ടത് മേതില്‍ സതീശനാണ്. ശശി വള്ളിക്കാട് ഈണം പകർന്നു. 

‘പലതുണ്ട് പലതുള്ളി പെരുവെള്ളം പോലെ

അതിലുണ്ട് തുടി തുള്ളും ഒരു നാടിന്നുള്ളം

ഈ ഉള്ളം തുളുമ്പും ഓളത്തിൽ പാടാം

താളത്തിൽ പാടാം

പാലക്കാട് നമ്മുടെ പാലക്കാട്....’

പാലക്കാടിന്റെ പ്രകൃതി സുന്ദര ദൃശ്യങ്ങൾ അതിമനോഹരമായി ഇഴചേർത്തൊരുക്കിയ ഗാനത്തിന് മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. നാടിന്റെയും പഴമയും പുതുമയും പാരമ്പര്യവും സംസ്കാരവും കലയുമെല്ലാം പാട്ടിൽ പ്രതിഫലിക്കുന്നു. 

ഹൃദയതൂലിക ക്രിയേഷൻസ് ഒരുക്കിയ പാട്ട് മേജർ രവിയാണ് റിലീസ് ചെയ്തത്. പാട്ടിന്റെ പിന്നണി പ്രവര്‍ത്തകരെ അദ്ദേഹം പ്രശംസിക്കുകയും ആശംസകൾ നേരുകയും ചെയ്തു. പാലക്കാട്ടുകാരനായതിൽ എന്നും അഭിമാനവും സന്തോഷവുമാണെന്ന് മേജർ രവി സന്ദേശത്തിൽ പറഞ്ഞുവച്ചു. പാട്ട് ഇതിനോടകം നിരവധി പേരാണു കണ്ടത്.