സംഗീതത്തിലും ജീവിതത്തിലും ഏറ്റവും പ്രിയപ്പെട്ട ചങ്ങാതിയായ എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഇടറുന്ന വാക്കുകളോടെ ഇളയരാജയുടെ യാത്രാമൊഴി. സമൂഹമാധ്യമത്തില്‍ പങ്കുവച്ച അനുശോചന സന്ദേശത്തില്‍ പലപ്പോഴും വാക്കുകള്‍ കിട്ടാതെ ഇളയരാജ നിശബ്ദനായി. 'എല്ലാ ദുഃഖങ്ങള്‍ക്കും അളവുണ്ട്. എന്നാല്‍ ഈ ദുഃഖത്തിന് അളവില്ലെന്ന്' ദീര്‍ഘമായ മൗനത്തെ ഭേദിച്ച് ഇടറുന്ന ശബ്ദത്തില്‍ ഇളയരാജ പറഞ്ഞു. 

ഇളയരാജയുടെ വാക്കുകള്‍: "ബാലു വേഗം എണീറ്റു വാ... നിന്നെ കാണാന്‍ ഞാന്‍ കാത്തിരിക്കുന്നു എന്നു ഞാന്‍ പറഞ്ഞത് നീ കേട്ടില്ല. നീ പോയി... എങ്ങോട്ടാണ് പോയത്? ഗന്ധര്‍വന്മാര്‍ക്കായി പാടാന്‍ പോയതാണോ? ഇവിടെ ലോകമൊന്നാകെ ശൂന്യമായിപ്പോയിരിക്കുന്നു. എനിക്കൊന്നും മനസിലാകുന്നില്ല. സംസാരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. പറയാന്‍ വിശേഷങ്ങളില്ല... എന്തു പറയണമെന്നു പോലും അറിയില്ല. എല്ലാ ദുഃഖങ്ങള്‍ക്കും ഒരു അളവുണ്ട്. ഇതിന് അളവില്ല."

അഞ്ചു പതിറ്റാണ്ടിലേറെ പഴക്കമുള്ള സൗഹൃദമാണ് എസ്.പി.ബിയും ഇളയരാജയും തമ്മിലുണ്ടായിരുന്നത്. സിനിമയില്‍ തുടക്കക്കാരായിരുന്ന രാജയും ബാലുവും മദ്രാസിലെ കല്ല്യാണവിരുന്നുകളില്‍ ഗാനമേളകള്‍ അവതരിപ്പിച്ച് സ്കൂട്ടറില്‍ കറങ്ങി നടന്നിരുന്ന കാലത്തെക്കുറിച്ച് ഏറെ ആവേശത്തോടെ പല അഭിമുഖങ്ങളിലും എസ്.പി.ബി തന്നെ പറഞ്ഞിട്ടുണ്ട്. രാജയും സഹോദരന്മാരും ഓര്‍ക്കസ്ട്ര നയിക്കും... എസ്.പി.ബി മുഖ്യഗായകന്‍. ഒരു പരിപാടിക്ക് ലഭിക്കുക പരമാവധി 200-250 രൂപ. ഇല്ലായ്മയുടെ ആ കാലത്തെ സൗഹൃദം കരിയറിലെ ഉയര്‍ച്ചകളിലും ഇരുവരും തുടര്‍ന്നു. 

അരനൂറ്റാണ്ടിനപ്പുറം നീളുന്ന അവരുടെ സൗഹൃദത്തില്‍ പിറന്നത് രണ്ടായിരത്തിലധികം ഗാനങ്ങള്‍. ഇതിനിടയില്‍ പലപ്പോഴും ഇരുവവരും തമ്മില്‍ പിണക്കങ്ങളുണ്ടായി. എന്നാല്‍, അതൊന്നും ഒരിക്കലും അധികകാലം നീണ്ടു നിന്നില്ല. കാരണം, അത്തരം പിണക്കങ്ങള്‍ക്കും അപ്പുറത്തായിരുന്നു അവര്‍ തമ്മിലുള്ള ആത്മബന്ധം.