എസ്. പി ബാലസുബ്രഹ്‌മണ്യം കേരളത്തിൽ അവസാനമായി വന്നത് തൃശൂരിലെ പെരിങ്ങോട്ടുകരയിൽ. ദേവസ്ഥാനം ദക്ഷിണാമൂർത്തി നാദപുരസ്കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞ വർഷം ഡിസംബർ 21–നാണ് അദ്ദേഹം വന്നത്. നാദപുരസ്കാരം ഏറ്റുവാങ്ങിയ ശേഷം താൻ പിന്നിട്ട സംഗീത വഴികളെ കുറിച്ചു അദ്ദേഹം പറഞ്ഞത് കേൾക്കാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. 

എല്ലാം ഈശ്വര കടാക്ഷം മാത്രമെന്നാണ് അദ്ദേഹം പ്രസംഗത്തിലുടനീളം പറഞ്ഞത്. ആദ്യമായി സിനിമയിൽ പാടിയതും എം.എസ് വിശ്വനാഥനുമായുള്ള കൂടിക്കാഴ്ചകളുമെല്ലാം അദ്ദേഹം പറഞ്ഞു. ശങ്കരാഭരണം ഉൾപ്പടെ പ്രസിദ്ധമായ തന്റെ ഗാനങ്ങൾ അദ്ദേഹം പാടിയത് പെരിങ്ങോട്ടുകാർക്ക് മറക്കാനാവാത്ത അനുഭവമായി.

ശങ്കരാഭരണം എന്ന ഒറ്റ സിനിമ വഴി ക്ലാസിക് സംഗീതത്തിലൂടെ ദേശീയോഗ്രഥനം സാധ്യമാക്കിയ എസ്പിബിയുടെ വാക്കുകൾ ശ്രവിക്കാൻ ശങ്കരാഭരണത്തിലെ നായികയും നർത്തികയുമായ മഞ്ജു ഭാർഗവിയും എത്തിയിരുന്നു. ശ്രോതക്കളുടെ ആവശ്യപ്രകാരം തമിഴിലാണ് അദ്ദേഹം പ്രസംഗിച്ചത്. തന്റെ ഗുരു പുണ്യാത്മാവായ ദക്ഷിണാമൂർത്തി സ്വാമികളുടെ ആശീർവാദമായാണ് നാദപുരസ്ക്കാരം തനിക്കു ലഭിച്ചക്കാൻ കാരണമെന്നും അദ്ദേഹം അന്നു പറഞ്ഞു.