മലയാളത്തില്‍ 120 ഓളം ഗാനങ്ങളാണ് എസ്.പി ബാലസുബ്രഹ്മണ്യം പാടിയത്. അവയില്‍ ഏറെയും എഴുതിയത് ശ്രീകുമാരന്‍ തമ്പിയായിരുന്നു. എന്നാല്‍ സിനിമയ്ക്കു മുന്‍പേ തുടങ്ങിയ സൗഹൃദമാണ് ശ്രീകുമാരന്‍ തമ്പിയും എസ്.പി.ബിയും തമ്മിലുണ്ടായിരുന്നത്. എന്‍ജിനീയറിങ് കോളജില്‍ തുടങ്ങിയ സൗഹൃദം പിന്നീട് സിനിമയിലും തുടര്‍ന്നത് ചരിത്രം. പ്രിയസുഹൃത്തിന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നുവെന്ന് ശ്രകുമാരന്‍ തമ്പി മനോരമ ന്യൂസിന് അനുവദിച്ച് പ്രത്യേക അഭിമുഖത്തില്‍ പ്രതികരിച്ചു. "കോവിഡ് കാലമല്ലേ... മറ്റുള്ളവരെ ബന്ധപ്പെടാതെ മാറി ഇരിക്കണമായിരുന്നു ബാലു. വളരെ വിഷമമുണ്ട്," ശ്രീകുമാരന്‍ തമ്പി പറഞ്ഞു. 

ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകള്‍: "ഞങ്ങള്‍ തമ്മിലുള്ള ബന്ധം എന്‍ജിനീയറിങ് കോളജില്‍ തുടങ്ങിയതാണ്. ഞാന്‍ മദ്രാസ് ഐഐടിയില്‍ പഠിക്കുമ്പോള്‍ എന്റെ ജൂനിയറായിരുന്നു ബാലു. അദ്ദേഹം പാട്ടുകാരനാകുന്നതിനും ഞാന്‍ പാട്ടെഴുത്തുകാരനാകുന്നതിനും മുന്‍പ് തുടങ്ങിയതാണ് ഞങ്ങളുടെ സൗഹൃദം. ബാലു എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയില്ല. ഞാന്‍ പഠിച്ച് പാസായി എന്‍ജിനീയര്‍ ആയെങ്കിലും സിനിമ തന്നെയായിരുന്നു എന്റെയും നിയോഗം." "സിനിമയില്‍ എന്റെ നാലഞ്ചു പാട്ടുകള്‍ ബാലു പാടിയിട്ടുണ്ട്. മലയാളത്തില്‍ ബാലു ഏറ്റവും കൂടുതല്‍ പാടിയിരിക്കുന്നത് എന്റെ പാട്ടുകളാണ്. 

യോഗമുള്ളവള്‍ എന്ന സിനിമയില്‍ ആര്‍ കെ  ശേഖര്‍ സംഗീതം ചെയ്ത നീലസാഗര തീരം എന്നു തുടങ്ങുന്ന ഗാനമുണ്ട്. അതു പാടാന്‍ ബാലുവിനെയാണ് വിളിച്ചത്. അതിനു മുന്‍പ് ബാലു മലയാളത്തില്‍ ഒരൊറ്റ പാട്ടേ പാടിയിരുന്നുള്ളൂ. ബാലുവിന്റെ ഉച്ചാരണം ശരിയാക്കാന്‍ വേണ്ടി ഞങ്ങള്‍ ആര്‍ കെ ശേഖറിന്റെ വീട്ടില്‍ കൂടി. ഓരോ വാക്കും പറഞ്ഞുകൊടുത്ത് പഠിപ്പിച്ചാണ് ആ പാട്ട് പാടിച്ചത്. അതില്‍ തന്നെ, പടര്‍ന്ന് പടര്‍ന്ന് കയറി പ്രേമം എന്നൊരു ഗാനം കൂടിയുണ്ടായിരുന്നു. അതു കഴിഞ്ഞ്, മമ്മൂട്ടി നായകനായി അഭിനയിച്ച ആദ്യ പടം മുന്നേറ്റത്തില്‍ പാടി. ചിരി കൊണ്ടു പൊതിയും മൗന ദുഃഖങ്ങള്‍ എന്നുള്ള പാട്ടായിരുന്നു അത്. ശ്യാമിന്റെ സംഗീതത്തില്‍ ബാലു അതിമനോഹരമായി ആ ഗാനം പാടി."

English Summary: Sreekumaran Thampi emotional reaction on SPB's demise