കാറ്റോ കടലോ മഞ്ഞോ മഴയോ ഉടൽ രൂപമാർജിച്ച് നാദപ്രവാഹത്തെ സ്വാംശീകരിച്ചാൽ എങ്ങനെയുണ്ടാവും ? എസ്.പി. ബാലസുബ്രഹ്മണ്യത്തെപ്പോലൊ രാളുണ്ടാവും. സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും ജ്ഞാനത്തിന്റെയും ലയനം ഓരോ വാക്കുച്ചരിക്കുമ്പോഴും എസ്.പിബിയിലെ ഗായകനെ ദേവതുല്യനാക്കുന്നു.

താരാപഥം, ചേതോഹരം... പ്രേമാമൃതം പെയ്യുന്നിതാ എന്ന അവിസ്മരണീയ ഗാനത്തിന്റെ റെക്കോർഡിങ് ചെന്നൈയിൽ നടക്കുമ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ഇളയരാജാ എന്ന പെരിയ രാജാ അണുവിട തെറ്റാതെ ഈണം നിശ്ചയിച്ചു തന്നതനുസരിച്ച് അനശ്വരം എന്ന സിനിമയ്ക്കു വേണ്ടി എഴുതിയ ഗാനം. ആദ്യത്തെ വരികൾ കൃത്യം. ഇളയരാജയുടെ മന്ദഹാസം വലിയ ധൈര്യമായി. സംവിധായകൻ ജോമോനും നിർമാതാവ് മണിയൻപിള്ള രാജുവിനുമൊക്കെ തൃപ്തി. ഇളയരാജയുടെ അസിസ്റ്റന്റ് എന്റെ കൈപിടിച്ചു ചുംബിച്ചു. 

പാട്ട് ഇഷ്ടപ്പെട്ട എസ്.പി.ബി മലയാളം വാക്കുകൾ ഉച്ചരിക്കുമ്പോൾ പലതവണ  സഹായം തേടി  വിളിച്ചു. വോയ്സ് റൂമിലെത്തി കഴിയുന്നത്ര വ്യക്തമായി ഉച്ചരിച്ചുകൊടുക്കുമ്പോൾ, അദ്ദേഹമെന്നെ തോൾ പിടിച്ചു ചേർത്തു നിർത്തി. ഒരു ചെങ്കുറിഞ്ഞിപ്പൂവിൽ എന്നതിലെ ഞ്ഞി, ങ്ങി ആയി ഉച്ചരിക്കുന്നു. മൃദുചുംബനങ്ങൾ എന്ന വാക്കിലെ ങ്ങ, ങ്കയാവുന്നു. ശരിയായ ഉച്ചാരണം പറഞ്ഞു കൊടുത്തപ്പോൾ അത് കൊച്ചുകുട്ടികളെപ്പോലെ പലതവണ പറഞ്ഞു പഠിച്ചു. കൃത്യമായ ഉച്ചാരണം, കൂടെ നിന്നു പാടുന്ന കെ.എസ്. ചിത്രയും പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു.

ഓരോതവണ ഉച്ചാരണം പിഴയ്ക്കുമ്പോഴും  ഖേദം പ്രകടിപ്പിക്കുന്ന മഹാനായ ഗായകൻ. തമിഴിന്റെ  ഓമനത്തമുള്ള ഉച്ചാരണം പ്രേമഗാനത്തിന്റെ  വൈകാരികതയ്ക്ക് ഹൃദയശോഭ വർധിപ്പിക്കുകയായിരുന്നു. ഒരു ഗാനം പിറക്കുന്നതിന്റെ  പിരിമുറുക്കത്തെ അദ്ദേഹം ഉല്ലാസ സംഗീതോൽസവമാക്കി. രചനയുടെ പേരിൽ എന്നെ ഒരുപാടു പ്രശസ്തനാക്കിയ  ഗാനം ആലപിച്ച മഹാപ്രതിഭ രോഗമുക്തി നേടി തിരിച്ചുവരണേ എന്ന് പ്രാർഥിച്ചു. പക്ഷേ, ഫലിച്ചില്ല. ആകെ ആശ്വാസം ആ മധുര ശബ്ദം നമ്മോടൊപ്പം എന്നുമുണ്ടാവുമല്ലോ എന്നതാണ്.