‘പുന്നകൈ മന്നൻ’ എന്ന സിനിമയിലെ ‘കാലകാലമാഗ’ എന്ന പാട്ടിന്റെ സമയത്താണ് എസ്പിബി സാറിനെ ആദ്യമായി കാണുന്നത്. ഞാൻ അപ്പോഴേക്കും കുറെ പാട്ടുകൾ പാടിയിരുന്നു. എന്നിട്ടും പേടിച്ചാണു റിക്കോർഡിങ് മുറിയിലേക്കു പോയത്. പക്ഷേ അവിടെ കണ്ടതു സംഗീതജീവിതത്തിൽ കൈപിടിച്ചു നടത്തുന്ന ഒരാളെയാണ്.

പിന്നീടു മലയാളത്തിലും തെലുങ്കിലും കന്നഡയിലും തമിഴിലും ഹിന്ദിയിലുമെല്ലാം ഒരുമിച്ചു പാടി. എത്രയോ വേദികളിൽ ഗാനമേളകൾ നടത്തി. ഒാരോ പാട്ടും അദ്ദേഹം പാടുന്നത് എത്ര അനായാസമായാണെന്നു തൊട്ടടുത്തുനിന്നു കണ്ടു. 

ചെറിയ ശ്രുതിപ്രശ്നം തോന്നുമ്പോഴെല്ലാം അദ്ദേഹം മുന്നോട്ടു കയറിനിന്നു നമ്മെ കൂടെ കൊണ്ടുപോകുമായിരുന്നു. കൂടെ പാടുന്ന ആളോടുള്ള കരുതൽ അത്രയേറെയാണ്. 

മറ്റുള്ളവരോട് എത്രമാത്രം കരുണയാണ് എസ്പിബി സാർ കാണിച്ചിട്ടുള്ളതെന്നു പറഞ്ഞറിയിക്കാനാകില്ല. തന്റെ പാട്ടിനെ സ്നേഹിച്ച രോഗികളായ എത്രയോ പേരെ അദ്ദേഹം തേടിച്ചെന്നു; ആരുമറിയാതെ സഹായിച്ചു. കണ്ണു കാണാത്ത ഒരു സംഗീതപ്രേമിയുടെ പിന്നിൽ ചെന്നുനിന്ന് ‘ഞാൻ ബാലുവാണ് ’ എന്നു പറഞ്ഞ് അദ്ഭുതപ്പെടുത്തിയ നിമിഷം കാണുമ്പോൾ കണ്ണുനിറയും. അദ്ദേഹം ആശുപത്രിയിലായതറിഞ്ഞ്, എന്നെ പരിചയമുള്ള ഓരോരുത്തരും പറഞ്ഞത് എസ്പിബി സാർ നൽകിയ സഹായങ്ങളെക്കുറിച്ചാണ്.

രാജ്യത്തിനുള്ളിലും പുറത്തുമായി എത്രയോ സ്ഥലത്തു ഞങ്ങൾ ഒരുമിച്ചു പാടി. യാത്രകൾ ചെയ്തു. കൂടെയുള്ള സമയത്തും ഇല്ലാത്ത സമയത്തും അദ്ദേഹം ഒപ്പം യാത്ര ചെയ്യുന്ന ഓരോരുത്തർക്കും നൽകിയ കരുതൽ എനിക്കറിയാം. അവരിൽ പലരും അതറിഞ്ഞു കാണില്ല. കൂടെ പോകുന്നവരുടെ ഹോട്ടൽ സൗകര്യംപോലും അദ്ദേഹം അന്വേഷിക്കും. എത്രയോ വഴിത്തിരിവുകളിൽ വഴി കാണിച്ച ആളാണ് എസ്പിബി സാർ. എല്ലാവരെക്കുറിച്ചും നല്ലതു മാത്രം പറഞ്ഞുകൊണ്ടിരുന്നു. 

മലയാളം എവിടെ പാടുമ്പോഴും ചില വാക്കുകൾ എങ്ങനെ ഉച്ചരിക്കണം എന്ന് എന്നെ വിളിച്ചു ചോദിക്കുമായിരുന്നു. ഞാൻ അതു പാടി അയച്ചു കൊടുക്കും. ‘ന’ എന്ന അക്ഷരം എവിടെ, എങ്ങനെ പറയണമെന്ന് ഒരിക്കലും അദ്ദേഹത്തിനു മനസ്സിലായില്ല. ചിരിച്ചുകൊണ്ട് എന്നോടു ചോദിക്കും അത് ഏതു ‘ന’ എന്ന്. പാട്ടു പഠിക്കാൻ ഇത്രയേറെ അധ്വാനിക്കുന്ന ഒരാളെ കണ്ടിട്ടില്ല. ഓരോ ഭാഷയെയും അദ്ദേഹം ദൈവമായി കരുതി. 

English Summary: K S Chithra remembers S P Balasubrahmanyam