എസ്പിബി സാറിനൊപ്പം ഞാൻ പാടിയ പാട്ടുകളിൽ ഏറ്റവും കൂടുതൽ ജനപ്രിയമായതും എനിക്കിഷ്ടപ്പെട്ടതും ‘കിലുക്ക’ത്തിലെ ‘ഊട്ടിപ്പട്ടണ’മാണ്. എസ്പിബി സാറിന്റെ ശൈലിക്കു ചേരുന്നതരം ഫ്ലെക്സിബിളും രസകരവുമായ ഈ പാട്ടു പോലെതന്നെയായിരുന്നു അതിന്റെ റിക്കോർഡിങ്ങും. 

എസ്പിബി സാറിന്റെ തന്നെ ചെന്നൈ കോദണ്ഡപാണി സ്റ്റുഡിയോയിലായിരുന്നു റിക്കോർഡിങ്. പല പാട്ടുകാർ പല സമയത്തു പാടുന്ന രീതിയായിരുന്നില്ല അന്ന്. ഞങ്ങളെല്ലാവരും ഒന്നിച്ചു സ്റ്റുഡിയോയിൽ കൂടിയിരുന്ന് പഠിച്ച് പാടി. വെവ്വേറെ കൺസോളിൽ ചെന്നു പാടി പിന്നെയും ഒരേ മുറിയിലെത്തും. പാട്ടു കേൾക്കും, തിരുത്തും, അഭിപ്രായങ്ങൾ പറയും. 

പാട്ടു പഠിക്കുമ്പോഴില്ലാത്ത ചില ‘സംഗതികൾ’ അദ്ദേഹം പാടുന്ന സമയത്തു ചേർക്കും; പൊട്ടിച്ചിരി പോലെയും പല സൗണ്ട് മോഡുലേഷനുമൊക്കെ. എസ്പിബി സാർ ഒരുപാടു സംഗതികളിടുമ്പോൾ ഞാനും മോശക്കാരനാകാതിരിക്കാൻ ഒരു സംഗതി ഒപ്പിക്കും. എസ്പിബി സാർ പറയും: ‘ബലേടാ, സൂപ്പർ’. അദ്ദേഹത്തിന്റെ തൊണ്ടയിൽനിന്നു വരുന്നതിന്റെ എത്രയോ കുറഞ്ഞ കാര്യങ്ങളേ ഞാൻ ചെയ്തിട്ടുള്ളൂ. എന്നാലും മറ്റൊരു കലാകാരനെ അംഗീകരിക്കാനുള്ള ആ മനസ്സിന്റെ വലുപ്പം അത്രയേറെയായിരുന്നു.

‘ഒരു യാത്രാമൊഴി’യിൽ ശിവാജി ഗണേശനും മോഹൻലാലും ചേർന്നുള്ള രംഗത്തിലെ ‘കാക്കാല കണ്ണമ്മാ...’ എന്ന ഗാനവും എസ്പിബി സാറിനൊപ്പം പാടാൻ എനിക്കു ഭാഗ്യം കിട്ടി. ഇളയരാജ സാറിന്റെ സംഗീതം കൂടി അതിനൊപ്പമുണ്ടായിരുന്നതിനാൽ ആ സന്ദർഭത്തിനു തിളക്കമേറെയായിരുന്നു; ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും. 

ഏറ്റവും ഒടുവിൽ രണ്ടു വർഷം മുൻപ് മഴവിൽ മനോരമയുടെ വേദിയിൽ മോഹൻലാലും ഞാനും ചേർന്ന് എസ്പിബി സാറിനൊപ്പം ‘ഊട്ടിപ്പട്ടണം’ പാടി. അന്നു കണ്ടതാണ്. ഇനി കാണാനുമാകില്ല. പക്ഷേ, ഭൂമി അവസാനിക്കുംവരെ അദ്ദേഹത്തിന്റെ പാട്ടുകൾ നിലനിൽക്കും. അതുകൊണ്ട് എസ്പിബി സാറിനു മരണമേയില്ല.

English Summary: M G Sreekumar shares memories of SPB