40000 ഗാനങ്ങൾ പാടിയ ഒരാളുടെ ഏറ്റവും മികച്ച 10 ഗാനങ്ങൾ തിരഞ്ഞെടുക്കുക പ്രയാസകരമാണ്. എങ്കിലും എസ്പിബി എന്ന എസ്. പി ബാലസുബ്രഹ്മണ്യത്തിന്റെ ആരാധകർ ഒരിക്കലും മറക്കാനിടയില്ലാത്ത ചില ഗാനങ്ങളുണ്ട്. എസ്പിബിയെ പ്രിയങ്കരനാക്കിയ വിവിധ ഭാഷകളിലുള്ള ആ ഗാനങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം. 

അനശ്വരമായ ‘ശങ്കരാ’

അനശ്വരം എന്ന് എല്ലാ അർഥത്തിലും വിശേഷിപ്പിക്കാവുന്ന ഗാനമാണ് 1979–ൽ റിലീസായ തെലുങ്കു ചിത്രമായ ശങ്കരാഭരണത്തിലെ ശങ്കരാ എന്ന ഗാനം. സംഗീതത്തിന് പ്രാധാന്യം നൽകി ഒരുക്കിയ സിനിമയിലെ 9 ഗാനങ്ങൾ ആലപിച്ചത് എസ്പിബിയാണ്. 

ഇപ്പോഴും എപ്പോഴും മുഴങ്ങുന്ന ‘കാതൽ റോജാവേ’

വിഖ്യാത സംഗീതസംവിധായകൻ എ.ആർ റഹ്മാൻ ആദ്യമായി സംഗീതം കൊടുത്ത റോജ സിനിമയിലെ 'കാതൽ റോജാവേ' എന്ന ഗാനം അന്നും ഇന്നും ആഘോഷിക്കപ്പെടുന്ന ഒന്നാണ്. മണിരത്നം ഒരുക്കിയ ചിത്രത്തിലെ ഇൗ ഗാനം സിനിമയെപ്പോലെ തന്നെ സൂപ്പർ ഹിറ്റുമായിരുന്നു. 

പ്രണയത്തിന്റെ ‘അഞ്ജലി അഞ്ജലി

'അഞ്ജലി അഞ്ജലി പുഷ്പാഞ്ജലി’ പ്രണയത്തിന്റെ ചിഹ്നമായി കണക്കാക്കപ്പെടുന്ന ഗാനമാണ്. കെ. ബാലചന്ദർ ഒരുക്കിയ തമിഴ് ചിത്രമായ ഡ്യൂവറ്റിലെ ഇൗ ഗാനത്തിന് ഇൗണം കൊടുത്തത് റഹ്മാനാണ്.

എം.ജി ശ്രീകുമാറിനൊപ്പം 'കാക്കാല കണ്ണമ്മ'

ശിവാജി ഗണേശനും മോഹൻലാലും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രതാപ് പോത്തൻ സംവിധാനം ചെയ്ത ഒരു യാത്രാമൊഴി എന്ന ചിത്രത്തിലെ  'കാക്കാല കണ്ണമ്മ'  എന്ന ഗാനം മലയാളികൾ ഒരിക്കലും മറക്കാത്ത ഒന്നാണ്. ഇളയാരാജ സംഗീത സംവിധാനം നിർവഹിച്ച ഇൗ ഗാനത്തിൽ അദ്ദേഹത്തിനൊപ്പം പാടിയത് എം.ജി ശ്രീകുമാറാണ്. 

ആലാപനത്തിന്റെ ‘താരാപഥം’

ഇന്നും ഗാനമേളകളിലെ നിറസാന്നിധ്യമാണ് ‘താരാപഥം ചേതോഹരം’ എന്ന ഗാനം. എസ്പിബി ജീവൻ കൊടുത്ത ഇൗ ഗാനത്തിന് ഇൗണം കൊടുത്തത് ഇളയരാജയാണ്. ജോമോൻ സംവിധാനം ചെയ്ത അനശ്വരം സിനിമയ്ക്കായി പി.കെ ഗോപി എഴുതിയ ഇൗ ഗാനം എസ്പിബിക്കൊപ്പം പാടിയത് കെ.എസ് ചിത്രയാണ്. 

മറക്കില്ല ‘മണ്ണിൽ ഇന്ത കാതൽ എൻട്രി’

എസ്പിബിയുടെ ക്ലാസിക്ക് ഗാനങ്ങളിൽ ഒന്നാണ് ‘മണ്ണിൽ ഇന്ത കാതൽ എൻട്രി’. കേളടി കൺമണി എന്ന തമിഴ് ചിത്രത്തിലെ ഇളയരാജ ഒരുക്കിയ ഗാനം പാടി എന്നു മാത്രമല്ല ആ സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു എസ്പിബി. 1990–ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് വസന്ത് ആണ്. 

പ്രാർഥനാപൂർവം ‘എന്റെ അടുത്തു നിൽക്കുവാൻ’

ക്രിസ്ത്യൻ ഡിവോഷനൽ ഗാനങ്ങളിൽ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് ‘എന്റെ അടുത്തു നിൽക്കുവാൻ യേശുവുണ്ടേ’ എന്ന പാട്ട്. എസ്പിബിയുടെ ശബ്ദത്തിലാണ് ആ പാട്ട് മലയാളികൾ അറിഞ്ഞതും പാടിയതും. ടോമിൻ ജെ തച്ചങ്കരി ഇൗണമിട്ട ആ ഗാനം എസ്പിബിയുടെ പാതി വെന്ത മലയാളത്തിലാണ് മലയാളികൾക്ക് സുപരിചിതമായത്. 

പ്രണയം പറഞ്ഞ 'കാതലിക്കും പെണ്ണിൻ കൈകൾ' 

1994–ൽ പുറത്തിറങ്ങിയ കാതലൻ എന്ന ശങ്കർ ചിത്രത്തിൽ എ.ആർ റഹ്മാൻ സംഗീതം നൽകി എസ്.പി.ബി ആലപിച്ച ‘കാതലിക്കും പെണ്ണിൻ കൈകൾ’ എന്ന ഗാനം ശ്രദ്ധ നേടിയ ഒന്നാണ്. ഇൗ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്ത എസ്പിബി ഉദിത് നാരായണനൊപ്പമാണ് ഇൗ ഗാനം ആലപിച്ചിരിക്കുന്നത്. 

അന്നുമിന്നും ‘മേനേ പ്യാർ കിയാ’

സിഐഡി മൂസ എന്ന മലയാളികൾ ഒരിക്കലും മറക്കാത്ത ചിത്രത്തിലെ ‘മേനേ പ്യാർ കിയാ’ എന്ന പാരഡി ഗാനം ആലപിച്ചത് എസ്പിബിയാണ്. ജനപ്രിയതയിൽ  മുന്നിൽ നിൽക്കുന്ന ഇൗ ഗാനത്തിന് ഇൗണം നൽകിയത് വിദ്യാസാഗറും വരികൾ രചിച്ചത് നാദിർഷയുമാണ്. ഹിന്ദി അറിയാത്ത നായകൻ പാടുന്ന ഹിന്ദി പാരഡ് ഗാനമായി അന്നും ഇന്നും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട് ഇൗ പാട്ട്. 

ദളപതിയിലെ ‘കാട്ടു കുയിൽ’

എസ്പിബി – യേശുദാസ് എന്ന അതിഗംഭീര കോംബോ ഒന്നിച്ച് പാടിയ ഗാനം. ഇളയരാജ ഇൗണമിട്ട ഇൗ ഗാനവും മമ്മൂട്ടിയും രജനീകാന്തും ഒന്നിച്ച് അഭിനയിച്ച സിനിമയും അധികമാർക്കും മറക്കാൻ സാധിക്കില്ല. 

English Summary: Top 10 hits of S P Balasubrahmanyam