സംഗീതം പോലെ സ്പോര്‍ട്സിനോടും എസ്.പി ബാലസുബ്രഹ്മണ്യത്തിനുണ്ടായിരുന്ന കമ്പം അദ്ദേഹത്തിന്റെ ആരാധകരുടെ ഇടയില്‍ പ്രശസ്തമാണ്. ഇഷ്ട സ്പോര്‍ട്സ് ഏതെന്നു ചോദിച്ചാല്‍ ഉടനെയെത്തും മറുപടി- ക്രിക്കറ്റ്. ഇഷ്ടഗാനം കണ്ടെത്തുന്നതിനേക്കാള്‍ അനായാസമായി എസ്.പി.ബി ഇക്കാര്യം പറയും. എന്നാല്‍, ഇന്ത്യയുടെ സ്പോര്‍ട്സ് ചരിത്രത്തില്‍ അതുല്യമായ അധ്യായം എഴുതിച്ചേര്‍ത്ത ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിന്റെ കരിയറിന് ആദ്യ പിന്തുണ നല്കിയത് എസ്.പി.ബി ആയിരുന്നുവെന്നത് അധികം പേര്‍ക്ക് അറിയില്ല. ലോകത്തിനു മുന്‍പില്‍ ഇന്ത്യയുടെ അഭിമാനമായ ആ ചെസ് ചാമ്പ്യന്റെ ആദ്യ സ്പോണ്‍സര്‍ എസ്.പി ബാലസുബ്രഹ്മണ്യമായിരുന്നു. 

നിര്‍ണായകമായ 1983ലെ ദേശീയ ചാമ്പന്‍ഷിപ്പ്

വിശ്വനാഥന്‍ ആനന്ദിന് അന്ന് 14 വയസു പ്രായം. മുംബൈയില്‍ നടക്കുന്ന ദേശീയ സബ് ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പിന് മത്സരിക്കാന്‍ ആനന്ദ് അടക്കമുള്ള മദ്രാസ് കോള്‍ട്ട്സ് യോഗ്യത നേടിയിട്ടുണ്ട്. പക്ഷേ, അവിടെ പോയി മത്സരിക്കാന്‍ സ്പോണ്‍സറില്ല. ഇക്കാര്യം ഒരു സുഹൃത്ത് വഴി അറിഞ്ഞ എസ്.പി.ബി ഉടനെ ഇടപെട്ടു. മദ്രാസ് കോള്‍ട്ട്സിനെ സ്പോണ്‍സര്‍ ചെയ്യാനുള്ള പണം  നല്‍കി. ദേശീയ തലത്തില്‍ വിശ്വനാഥന്‍ ആനന്ദിന്റെ പ്രതിഭ അറിയിച്ച ടൂര്‍ണമെന്റായിരുന്നു അത്. ലോക ചെസ് ഭൂപടത്തില്‍ വിശ്വനാഥന്‍ ആനന്ദ് പിന്നീടെഴുതിയത് ചരിത്രം. ഉയര്‍ച്ചയുടെ ഓരോ പടവുകള്‍ കയറുമ്പോഴും അദ്ദേഹം തന്റെ ആദ്യ സ്പോണ്‍‍സറെ സ്നേഹപൂര്‍വം ഓര്‍ത്തു. 

ആ സംഗീതം നല്‍കിയ ആനന്ദം മറക്കാനാകില്ല

എസ്.പി.ബിയുടെ വിടവാങ്ങല്‍ വാര്‍ത്ത അറിഞ്ഞതിനുശേഷം സമൂഹമാധ്യമങ്ങളില്‍ ആനന്ദ് പങ്കുവച്ച കുറിപ്പില്‍ പ്രിയഗായകനോടുള്ള ആത്മബന്ധം ദൃശ്യമായിരുന്നു. "മഹാപ്രതിഭ ആയിരുന്നിട്ടും ഇത്ര സൗമ്യനായ അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത കേള്‍ക്കേണ്ടി വന്നതില്‍ ഏറെ ദുഃഖിക്കുന്നു. അദ്ദേഹമായിരുന്നു എന്റെ ആദ്യ സ്പോണ്‍സര്‍. 1983ലെ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഞങ്ങളുടെ ടീമായ മദ്രാസ് കോള്‍ട്ട്സിനെ സ്പോണ്‍സര്‍ ചെയ്തത് എസ്.പി.ബി ആയിരുന്നു. ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും സുന്ദരനായ വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സംഗീതം നമ്മെ അത്രമേല്‍ സന്തോഷിപ്പിച്ചു," വിശ്വനാഥന്‍ ആനന്ദ് കുറിച്ചു.

English Summary: Viswanathan Anand remembers SPB