വീണ്ടുമീ ഈണങ്ങളെ കാതോർക്കാൻ ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി...മലയാളത്തിന്റെ ചലച്ചിത്ര ഗീതങ്ങളുടെ അപൂർവ രാഗം ദേവരാജൻ മാസ്റ്റർക്ക് ഇന്ന് തൊണ്ണൂറ്റിയാറാം ജന്മവാർഷികം. സിനിമാ പാട്ടിൽ സാഹിത്യം വേണമെന്നും ഈണങ്ങൾ അതുപോലെയാകണമെന്നും നിർബന്ധം പിടിച്ച സംഗീതസംവിധായകനായിരുന്നു ദേവരാജൻ. അതുകൊണ്ടു തന്നെയാണ് ചലച്ചിത്ര ലോകം അടിമുടി മാറിയ ഇക്കാലത്തും ആ ഗീതങ്ങൾ കേൾക്കാൻ കാതുകള്‍ കൊതിക്കുന്നത്. 

'നീയെത്ര ധന്യയിലെ അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന ഒറ്റഗാനം മതി പ്രണയം ഹൃദയത്തിൽ സൂക്ഷിക്കുന്നവർക്ക് ദേവസംഗീതത്തന്റെ ഓർമ്മ അലയടിക്കാൻ. മാണിക്യവീണയുമായെന്‍, സ്വര്‍ഗപുത്രീ നവരാത്രീ, സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍, കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു, കൈതപ്പുഴക്കായലിലെ, റംസാനിലെ ചന്ദ്രികയോ, ഇന്നെനിക്ക്‌ പൊട്ടുകുത്താന്‍, സമയമാം രഥത്തില്‍, തേടിവരും കണ്ണുകളില്‍, മംഗളം നേരുന്നു ഞാന്‍, ആകാശങ്ങളിലിരിക്കും, ഇനിയെന്റെ ഇണക്കിളിക്കെന്തു വേണം, അമ്പലക്കുളങ്ങര, അമ്മേ അമ്മേ അമ്മേ നമ്മുടെ അമ്പിളി അമ്മാവന്‍, വണ്ടി വണ്ടീ നിന്നെപ്പോലെ, മുള്‍ക്കിരീടമിതെന്തിനു നല്‍കി, ശംു‍പുഷ്പം കണ്ണെഴുതുമ്പോള്‍ എന്നിങ്ങനെ എത്രയോ സുന്ദര ഗാനങ്ങൾ ആ ഈണത്തില്‍ നിന്നും ജന്മമെടുത്തു. 

കൊല്ലം ജില്ലയിലെ പറവൂരാണ് ദേവരാജൻ മാസ്റ്ററുടെ ജന്മദേശം. 1927 സെപ്റ്റംബർ27നാണ് മൃദംഗ വിദ്വാനായ കൊച്ചുഗോവിന്ദനാശാൻറേയും കൊച്ചുകുഞ്ഞിന്റെയും മകനായി ദേവരാജൻ മാസ്റ്റർ ജനിച്ചത്. അച്ഛന്റെ കീഴിൽ സംഗീതമഭ്യസിച്ചുകൊണ്ട് ആ പാത പിന്തുടർന്നു. പതിനെട്ടാം വയസിൽ അരങ്ങേറ്റം, തൃശ്ശിനാപ്പള്ളി റേഡിയോ നിലയത്തിലൂടെ ആദ്യ സംഗീത കച്ചേരി കെപിഎഎസിയുടെ നാടകങ്ങൾക്ക് സംഗീതം പകർന്നുകൊണ്ട് മുഖ്യധാരയിലേക്ക്,  പിന്നീട് വയലാറെന്ന ‘സഹോദരനൊപ്പം’ ചേർന്ന് മലയാള സിനിമകൾക്ക് സംഗീതമിട്ടുകൊണ്ട് നമ്മുടെ ഹൃദയങ്ങളിലേക്കും. 

കൈലാസ് പിക്ചേഴ്സിന്റെ കാലം മാറുന്നു എന്ന സിനിമയായിരുന്നു ദേവരാജൻ മാസ്റ്ററുടെ ആദ്യ ചിത്രം. വയലാറിനൊപ്പം ഈണമിടുന്നത് 1959ലാണ്. ചതുരംഗം എന്ന ചിത്രത്തിലൂടെ. ആ സിനിമയിലെ ഗാനങ്ങളെല്ലാം എക്കാലത്തേയും മികച്ച ഹിറ്റുകളായി മാറി. കെപിഎസിയുടെ വിപ്ലവചൂടുള്ള വരികള്‍ക്കും, തീർത്തും കാൽപനികമായ സിനിമാഗാനങ്ങൾക്കും കാലം മറക്കാത്ത ഈണക്കൂട്ടുകളെ സൃഷ്ടിച്ച സംഗീതജ്ഞൻ, ശബരിമലയിൽ പോകാതെ അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനത്തിന് ഈണമിട്ട നിരീശ്വരവാദി അങ്ങനെ പ്രത്യേകതകൾ ഏറെയുണ്ട് ദേവരാജൻ മാസ്റ്ററിന്.

ദേവരാജൻ മാസ്റ്ററെ കുറിച്ച് പറയുമ്പോൾ വയലാറിനേയും, വയലാറിനെ കുറിച്ചെഴുതുമ്പോൾ ദേവരാജനെ കുറിച്ചും എഴുതാതിരിക്കാനാകില്ല. സംഗീത സംവിധായകനും രചയിതാവും തമ്മിലുള്ള ബന്ധത്തിനപ്പുറം ആത്മാവ് നൽകി സ്നേഹിച്ചവരാണവർ. തനിക്കു മുൻപേ കാലത്തിലേക്കു മറഞ്ഞ വയലാറിനെ കുറിച്ച് പറയുമ്പോഴെല്ലാം ദേവരാജൻ മാസ്റ്ററുടെ കണ്ണുനിറയുമായിരുന്നു. ഈ രണ്ട് പ്രതിഭകളുടെ ഒന്നുചേരലാണ് മലയാള ചലച്ചിത്രത്തിന് ദേവരാഗങ്ങളുടെ വസന്തം സമ്മാനിച്ചത്.