അകാലത്തിൽ അന്തരിച്ച മഹാഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആവശ്യാനുസരണം നിർമിച്ച പ്രതിമ കൈമാറാനാകാതെ ശിൽപി. ആന്ധ്രപ്രദേശ് ഈസ്റ്റ് ഗോദാവരി ജില്ലയിലെ പ്രമുഖ ശിൽപി ഉടയാർ രാജ്കുമാർ ആണ് നിർമാണം പൂർത്തിയാക്കിയ പ്രതിമ ഉടമസ്ഥനെ ഏൽപ്പിക്കാനാകാത്ത നിർഭാഗ്യവാൻ. 

കഴിഞ്ഞ ജൂണിലാണ് നെല്ലൂരിലെ കുടുംബവീട്ടിൽ സ്ഥാപിക്കുന്നതിനു വേണ്ടി തന്റെ മാതാപിതാക്കളുടെ പ്രതിമ നിർമിക്കണമെന്നാവശ്യപ്പെട്ട് എസ്പിബി രാജ്കുമാറിനെ ബന്ധപ്പെട്ടത്. ശിൽപങ്ങളുടെ പണി നടക്കുന്നതിനിടയിൽ തന്നെ സ്വന്തം ശിൽപവും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ കാരണം എസ്പിബിക്ക് രാജ്കുമാറിന്റെ സ്റ്റുഡിയോയിലെത്തി അളവുകൾ നൽകാന്‍ സാധിച്ചില്ല. പകരം അദ്ദേഹം ശിൽപിക്ക് ചിത്രങ്ങളയച്ചു കൊടുത്തു.

പ്രതിമയുടെ നിർമാണം പൂർത്തിയായപ്പോഴേയ്ക്കും എസ്പിബി ആശുപത്രിയിലായി. രോഗമുക്തി നേടി ഗായകൻ പഴയ ജീവിതത്തിലേയ്ക്കു മടങ്ങി വരുമെന്ന പ്രതീക്ഷയിലും പ്രാർഥനയിലും കഴിഞ്ഞ ശിൽപിക്കു പക്ഷേ നിരാശയായിരുന്നു ഫലം. കലാലോകത്തെ ഒന്നാകെ കണ്ണീരണിയിച്ച് ആ ഇതിഹാസ ഗായകൻ സെപ്റ്റംബർ 25 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04ന് നിത്യതയിലേയ്ക്കു യാത്രയായി. 

പൂർത്തിയായ പ്രതിമകൾ കാണാൻ പോലും കാത്തു നിൽക്കാതെ മടങ്ങിയ ഉടമസ്ഥനെക്കുറിച്ചോർത്ത്, ആരാധ്യ ഗായകനെക്കുറിച്ചോർത്ത് വേദനിക്കുകയാണ് ശിൽപി രാജ്കുമാർ. ഇപ്പോൾ എസ്പിബിയുടെ കുടുംബാംഗങ്ങൾക്കു പ്രതിമ കൈമാറാനൊരുങ്ങുകയാണ് അദ്ദേഹം.